തിരുവനന്തപുരം : എസ്എഫ്ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തിൽ ഗവർണർക്ക് പിന്തുണയുമായി യുഡിഎഫ് കൺവീനർ എം എം ഹസൻ. ഗവർണറെ വഴി നടക്കാൻ സമ്മതിക്കാതെ എസ്എഫ്ഐ പ്രവർത്തകർ വഴിനീളെ പ്രതിഷേധവും അക്രമവും നടത്തുകയാണെന്നും എം എം ഹസൻ വ്യക്തമാക്കി.
“മുഖ്യമന്ത്രിക്ക് എതിരെ കരിങ്കൊടി കാണിക്കുന്നവരെ പോലീസ് മർദ്ദിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചാൽ പോലീസ് വക സംരക്ഷണം ആണ് ലഭിക്കുന്നത്. ഗവർണർക്കെതിരെ പ്രതിഷേധം നടത്തുന്ന എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാർഹമാണ്” എന്നും എം എം ഹസൻ വ്യക്തമാക്കി.
ഗവർണറുടെ ആശയങ്ങളോട് വിയോജിക്കുന്നുണ്ടെങ്കിലും സാധാരണ ഗവർണർമാരിൽ നിന്ന് വ്യത്യസ്തനാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും എം എം ഹസൻ സൂചിപ്പിച്ചു. കൊല്ലം നിലമേലിൽ വച്ചായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവർണറുടെ വാഹനത്തിന് നേരെ ചാടിവീണ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാറിൽ നിന്നും പുറത്തിറങ്ങുകയും റോഡരികിൽ ഇരുന്നുകൊണ്ട് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്ത ശേഷം മാത്രമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.
Discussion about this post