ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വ്യാജ വാർത്ത നൽകിയതിൽ തമിഴ് പത്രം ദിനമലരിനെതിരെ കേസ്. എഡിറ്ററെയും പ്രസാധനകനെയും പ്രതി ചേർത്ത് എസ്എസ് കോളനി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് ഡിപ്പാർട്ട്‌മെന്റ് നൽകിയ പരാതിയിൽ ആണ് നടപടി.
പ്രാണപ്രതിഷ്ഠാ ദിനത്തിൽ റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയോ അന്നദാനമോ ഉണ്ടായിരിക്കില്ലെന്ന തരത്തിൽ പത്രം വാർത്ത നൽകിയിരുന്നു. ഇതിലാണ് പോലീസ് നടപടി. വാർത്ത പ്രചരിച്ചതിന് പിന്നാലെ വകുപ്പ് മന്ത്രി അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്.
സമൂഹത്തിൽ ഭിന്നത വളർത്താൻ ശ്രമിച്ചതിനാണ് കേസ് എടുത്തത്.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ, 505 (ii) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. പ്രാണപ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾക്കും മറ്റും അപ്രഖ്യാപിത വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള നടപടിയിൽ രൂക്ഷമായ വിമർശനമായിരുന്നു സർക്കാർ നേരിടേണ്ടി വന്നത്. ഇതിനിടെയായിരുന്നു വകുപ്പിന്റെ കീഴിയിൽ ഉത്തരവ് പുറത്തിറങ്ങിയെന്ന തരത്തിൽ വ്യാജ വാർത്ത. ഇതിൽ സർക്കാർ വീണ്ടും പ്രതിരോധത്തിലായതിന് പിന്നാലെയാണ് നിയമ നടപടി സ്വീകരിച്ചത്.
Discussion about this post