തിരുവനന്തപുരം : കേന്ദ്ര നിർദ്ദേശം അനുസരിച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ കേരള രാജ്ഭവനിൽ എത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഏറ്റെടുത്തു. 30 പേരടങ്ങുന്ന സിആർപിഎഫ് സംഘമാണ് ഗവർണറുടെ സുരക്ഷാ ദൗത്യത്തിനായി എത്തിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള ഗവർണർക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി മണിക്കൂറുകൾക്ക് അകമാണ് കമാൻഡോ സംഘം രാജ്ഭവനിൽ എത്തി ഗവർണറുടെ സുരക്ഷ ഏറ്റെടുത്തത്. കേരള ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ നിരന്തരമായി നടത്തുന്ന പ്രതിഷേധങ്ങളെയും അക്രമങ്ങളെയും തുടർന്നാണ് കേന്ദ്രസർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനമെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് കൊല്ലത്ത് വെച്ച് ഗവർണറുടെ വാഹനത്തിനു മുമ്പിലേക്ക് ചാടി വീണ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും ഇറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള പോലീസിന്റെ സുരക്ഷാ വീഴ്ചക്കെതിരെ റോഡരികിൽ ഇരുന്ന് പ്രതിഷേധിച്ചു. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഗവർണർ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.
കേരളത്തിൽ ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ നിരന്തരമായി നടത്തുന്ന പ്രതിഷേധങ്ങളെ തുടർന്നാണ് കേന്ദ്രസർക്കാർ ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഗവർണർക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ കേരള പോലീസ് അലഭാവം വരുത്തുന്നതായുള്ള കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.
ഗവർണർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ നിരന്തരമായി നടത്തുന്ന പ്രതിഷേധങ്ങളെയും അക്രമങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലും ഗവർണർ കാര്യങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഗവർണറെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ച് വിവരം തിരക്കി. തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കിയത്.
Discussion about this post