കണ്ണൂർ: തന്റെ രാഷ്ട്രീയഭാവിയെ കുറിച്ചുള്ള ആകുലതകൾ തുറന്നുപറഞ്ഞ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.ഇടതുമുന്നണി കൺവീനർ സ്ഥാനത്തോട് പൂർണമായും നീതി പുലർത്താനായോ എന്ന് തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കിട്ടുന്ന പെൻഷനും വാങ്ങി ഒതുങ്ങി കഴിഞ്ഞാലെന്താ എന്ന ചിന്തയിലാണ് താനെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുന്നതിനെക്കുറിച്ചാണ് താൻ ചിന്തിക്കുന്നത്. എന്തിനാണ് ഈ ആക്ഷേപങ്ങൾ വരുത്തിവയ്ക്കുന്നത്. തനിക്ക് പെൻഷൻ വാങ്ങി ജീവിച്ചാൽ മതിയല്ലോ. അടിസ്ഥാനമുള്ള എന്തെങ്കിലും പ്രശ്രനങ്ങളുണ്ടെങ്കിൽ തരക്കേടില്ല. ഒരു അടിസ്ഥാനവുമില്ലാത്ത വിഷയങ്ങളാണ് ഉയർന്നുവന്നത്. മാനസികമായി തന്റെ ഊർജം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പറ്റുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇനി ഒരു പദ്ധതികളും തുടക്കംക്കുറിക്കാൻ താനില്ല. സമൂഹവുമായി ബന്ധമില്ലെങ്കിൽ ആക്ഷേപം ഇല്ലല്ലോ. ജനങ്ങളുടെ ഇടയിൽ നിന്ന് അംഗീകാരം വാങ്ങുന്നതാണല്ലോ പ്രശ്‌നമായി കാണുന്നത്. ആക്ഷേപങ്ങൾ ഉന്നയിച്ച് പൊതുസമൂഹത്തിന് മുന്നിൽ നിലവാരം ഇടിച്ച് കാണിക്കാനുള്ള പ്രവണതകളാണ് നിലവിൽ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തനിക്കെതിരെ പാർട്ടിയിൽ ചർച്ച വന്നതിന് പിന്നിലെ ഒട്ടനവധി കാര്യങ്ങൾ അറിയാം. ‘ഞാൻ അത് ഇപ്പോൾ പറയുന്നത് ശരിയല്ല. എനിക്ക് അറിയുന്ന കാര്യങ്ങളൊന്നും ഞാൻ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. ഞാൻ എപ്പോഴും കാണുന്നത് എന്റെ പാർട്ടിയെയാണ്. ഞാൻ ഉപയോഗിക്കുന്ന വാക്കുകൾ എന്റെ പാർട്ടിക്ക് ഗുണമേ ഉണ്ടാക്കാവൂ. അതൊരിക്കലും ദോഷം വരുത്തരുതെന്ന് നിഷ്‌കർഷയുള്ള ആളാണ് ഞാൻ. എന്നെ ഇന്ന് കാണുന്ന ഇ.പി ജയരാജനാക്കിയത് പാർട്ടിയാണ്. ആ പാർട്ടിയെ ദുർബലപ്പെടുത്തുന്ന ഒരു നടപടിയും ഞാൻ സ്വീകരിക്കില്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു
Discussion about this post