കോഴിക്കോട് : കൈക്കൂലി പണവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുക പരിശോധന കേന്ദ്രത്തിന്റെ ഉടമയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ആയിരുന്നു എംവിഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. വീടിന്റെ അടുക്കളയിൽ നിന്നും ചാക്കിൽ കെട്ടിയ നിലയിൽ കൈക്കൂലി പണവും കണ്ടെടുത്തു.
കോഴിക്കോട് ഫറോക്കിലെ പുകപരിശോധനകേന്ദ്രത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ അബ്ദുള്‍ ജലീല്‍ ഉടമയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. പുക പരിശോധന കേന്ദ്രത്തിന്റെ ഐഡി ഇയാൾ ബ്ലോക്ക് ചെയ്യുകയും തിരികെ ലഭിക്കണമെങ്കിൽ പതിനായിരം രൂപ തരണമെന്ന് ആവശ്യപ്പെടുകയും ആയിരുന്നു. തുടർന്ന് ഉടമ വിജിലൻസിനെ വിവരമറിയിക്കുകയും വിജിലൻസ് നൽകിയ പണവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടിൽ എത്തുകയും ആയിരുന്നു.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ അബ്ദുൾ ജലീൽ മുൻപും നിരവധി പേരിൽ നിന്നും ഇത്തരത്തിൽ കൈക്കൂലി വാങ്ങിയിരുന്നു. വിജിലൻസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി പണം ഇടപാടുകളുടെ രേഖകളും കണ്ടെടുത്തു. കൈക്കൂലിയായി വാങ്ങുന്ന പണം ചാക്കിൽ കെട്ടി അടുക്കളയിൽ ആയിരുന്നു ഇയാൾ സൂക്ഷിച്ചിരുന്നത്. അബ്ദുല്‍ ജലീലിന്റെ തൊടുപുഴയിലെ വീട്ടിലും പരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post