ന്യൂയോർക്ക് : ലോക ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു. ടെസ്ല സിഇഒ എലോൺ മസ്കിനെ പിന്തള്ളി ഫ്രഞ്ച് ആഡംബര ബ്രാൻഡ് ആയ ലൂയിസ് വിറ്റണിന്റെ ഉടമ ബെർണാഡ് അർനോൾട്ട് സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നിലവിൽ ബെർണാഡ് അർനോൾട്ടിൻ്റെ ആസ്തി 207.8 ബില്യൺ ഡോളറായി ഉയർന്നതാണ് എലോൺ മസ്കിനെ മറികടക്കാൻ അദ്ദേഹത്തെ സഹായിച്ചത്.
മസ്‌കിൻ്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ സ്റ്റോക്ക് വ്യാഴാഴ്ച 13 ശതമാനം ഇടിഞ്ഞിരിന്നു. ഇത് അദ്ദേഹത്തിൻ്റെ ആസ്തിയിൽ ന 18 ബില്യൺ ഡോളറിന്റെ ഇടിവാണ് വരുത്തിയത്. അതേസമയം ലൂയിസ് വിറ്റൺ ഓഹരികൾ വെള്ളിയാഴ്ച 13 ശതമാനത്തിലധികം ഉയർച്ച കൈവരിക്കുകയും ചെയ്തിരുന്നു.
ലോക സമ്പന്നരുടെ പട്ടികയിൽ ബെർണാഡ് അർനോൾട്ടിനും എലോൺ മസ്കിനും ശേഷം 181.3 ബില്യൺ ഡോളർ ആസ്തിയുമായി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. ഇന്ത്യയിലെ ശതകോടീശ്വരന്മാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി 104.4 ബില്യൺ ഡോളർ ആസ്തിയുമായി ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് ഉള്ളത്. 75.7 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ള ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയിൽ 16-ാം സ്ഥാനത്താണ്.
Discussion about this post