മലപ്പുറം : മലപ്പുറത്തെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം പതിവാകുന്നതായി പരാതി. മലപ്പുറം നിലമ്പൂരിൽ ആണ് കൂടുതൽ മോഷണങ്ങൾ അരങ്ങേറുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം നിലമ്പൂരിലെ വെളിയംതോട് ഉള്ള വസ്ത്രവ്യാപാര സ്ഥാപനത്തിൽ രാത്രിയിൽ പൂട്ട് പൊളിച്ചു കടന്ന് മോഷണം നടത്തി.
വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ കള്ളൻ പണം ലഭിക്കാത്തതിനാൽ വസ്ത്രങ്ങൾ ആണ് മോഷ്ടിച്ചത്. പൂട്ട് തകർത്ത് കള്ളൻ അകത്തു കയറുന്നതിന്റെ അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. നിലമ്പൂർ സ്വദേശി റഫീഖിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നത്.
റഫീഖിന്റെ പരാതിയെ തുടർന്ന് നിലമ്പൂർ പോലീസ് കടയിൽ എത്തി പരിശോധന നടത്തി. കള്ളൻ അകത്തു കയറി മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കടയിലെ പണപ്പെട്ടിയിൽ ആകെ 20 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ജീൻസും ഷർട്ടുമെല്ലാം മോഷ്ടിച്ച ശേഷം കള്ളൻ മടങ്ങുകയായിരുന്നു.
കഴിഞ്ഞദിവസം രാത്രി തന്നെ വെളിയംതോട് മേഖലയിലെ മറ്റൊരു കടയിലും പൂട്ടുപൊളിച്ച് മോഷണശ്രമം നടന്നിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് നിലമ്പൂരിലെ ബേക്കറിയുടെയും ദന്താശുപത്രിയുടെയും പൂട്ട് പൊളിച്ചും മോഷ്ടാവ് പണം കവർന്നിരുന്നു. എന്നാൽ മോഷ്ടാക്കളെ കുറിച്ച് പോലീസിന് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
Discussion about this post