ബംഗളൂരു : കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള പടക്ക നിർമ്മാണശാലയിൽ സ്ഫോടനം. തൊഴിലാളികൾ ആയ രണ്ട് മലയാളികൾ അടക്കം മൂന്ന് പേർ മരണപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പടക്ക നിർമ്മാണശാലയുടെ ഉടമസ്ഥൻ അടക്കം രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിൽ പ്രവർത്തിച്ചുവന്നിരുന്ന പടക്ക നിർമ്മാണശാലയിലാണ് സ്ഫോടനം നടന്നത്. മലപ്പുറം സ്വദേശിയാണ് പടക്ക നിർമ്മാണശാലയുടെ ഉടമസ്ഥൻ. ഇവിടുത്തെ തൊഴിലാളികൾ ആയിരുന്ന സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരണപ്പെട്ട മലയാളികൾ. ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫാമിനുള്ളിൽ ആയിരുന്നു ഈ പടക്ക നിർമ്മാണശാല സ്ഥിതി ചെയ്തിരുന്നത്.
സ്ഫോടനത്തെ തുടർന്ന് പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണമായും തകർന്നു. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ 9 പേരായിരുന്നു ഉണ്ടായിരുന്നത്. ആറ് പേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാപനത്തിന് ലൈസൻസ് ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post