ലഖ്‌നൗ: ക്ഷേമ പദ്ധതികളുടെയും മറ്റും സുതാര്യമായ നടത്തിപ്പിന് സാങ്കേതികവിദ്യയുടെ ഉപയോഗം നിർണായകമാണെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഴിമതിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മന്ത്രമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദീൻ ദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവ്വകലാശാലയുടെ ദീക്ഷാഭവനിൽ സ്വാമി വിവേകാനന്ദ യുവ ശാക്തീകരണ പദ്ധതിക്ക് കീഴിൽ നടന്ന സ്മാർട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും വിതരണ ചടങ്ങിൽ സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
2017-ന് മുമ്പ് സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം അഴിമതിയിൽ മുങ്ങി കിടക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു . കുശിനഗർ, ഗോരഖ്പൂർ, ഡിയോറിയ, സോൻഭദ്ര, ചിത്രകൂട് തുടങ്ങിയ ജില്ലകളിൽ റേഷൻ ക്ഷാമം കാരണം ആളുകൾ പട്ടിണി കിടന്ന് മരിക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. 2017ൽ ആദ്യമായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയായതിൻ്റെ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ 80,000 റേഷൻ കടകളിലാണ് റെയ്ഡ് നടത്തിയത്. ഇതിനെ തുടർന്ന് 30 ലക്ഷം വ്യാജ റേഷൻ കാർഡുകളാണ് കണ്ടെത്തിയത്. അതിനു ശേഷമാണ് അഴിമതി തടയാനുള്ള ഏറ്റവും ഫലപ്രദമായ മന്ത്രം എന്നത് സാങ്കേതിക വിദ്യ ആണെന്ന് തിരിച്ചറിഞ്ഞത്.
ഇതേത്തുടർന്ന് എല്ലാ റേഷൻ കടകളെയും സാങ്കേതിക വിദ്യ ഉപയോഗിച്ച് വിൽപന കേന്ദ്രവുമായി ബന്ധിപ്പിച്ചു. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചു. റേഷൻ വിതരണം സുതാര്യമായി. വേണം എന്ന് വിചാരിച്ചാൽ പോലും ഇപ്പോൾ ആർക്കും അഴിമതി നടത്താനുള്ള സാഹചര്യമില്ല. കാരണം അതിനു കഴിയില്ല. ഇതിന്റെ ഫലമായി ഇന്ന് നിലവിൽ ഉത്തർപ്രദേശിലെ പൊതുവിതരണ സമ്പ്രദായം രാജ്യത്തെ ഏറ്റവും മികച്ചതാണ്; യോഗി ആദിത്യനാഥ് വ്യക്തമാക്കി.
സർക്കാർ നൽകുന്ന സ്മാർട്ട്ഫോണുകളുടെ സഹായത്തോടെ യുവാക്കൾക്ക് പിഎം സ്റ്റാർട്ടപ്പ്, സ്റ്റാൻഡപ്പ്, മുദ്ര, മുഖ്യമന്ത്രിയുടെ യുവജന സ്വയംതൊഴിൽ പദ്ധതി തുടങ്ങിയ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ചും പഠിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി യോഗി എടുത്തുപറഞ്ഞു.
കേവലം ബിരുദങ്ങൾ നൽകുന്നതിനപ്പുറം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിവർത്തനപരമായ പങ്ക് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു, പ്രധാനമന്ത്രി മോദി അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം ഈ മാറ്റത്തിന് നാന്ദി കുറിക്കുവാൻ പോവുകയാണ് . ഈ നയത്തിന് കീഴിൽ, അറിവ് നൽകുന്നതിന് മാത്രമല്ല, വിദ്യാർത്ഥികൾക്കിടയിൽ സ്വാശ്രയത്വവും സ്വയംപര്യാപ്തതയും വളർത്താനും കൂടെ സ്ഥാപനങ്ങൾക്ക് ചുമതലയുണ്ട്, അദ്ദേഹം പറഞ്ഞു.
Discussion about this post