പട്‌ന: ജോലിക്ക് പകരം ഭൂമി കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജനുവരി 19 തേജസ്വിക്ക് ഇഡി സമൻസ് അയച്ചിരുന്നു.
ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ മൂന്ന് തവണ തേജസ്വി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ഇന്ന് വീണ്ടും ഇന്ന് വിളിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം തേജസ്വിയുടെ പിതാവും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു. പട്‌നയിലെ ഓഫീസിൽ വച്ചാണ് പത്ത് മണിക്കൂറോളം ലാലുപ്രസാദ് യാദവിനെ ചോദ്യം ചെയ്തത്. കേസിൽ ആരോപണവിധേയയായ ലാലുപ്രസാദിന്റെ മകൾ മിഷ ഭാരതിയും ലാലു പ്രസാദിനോടൊപ്പം ഇഡി ഓഫീസിൽ എത്തിയിരുന്നു. ആർജെഡി പ്രവർത്തകരുടെ വലിയ പ്രതിഷേധമണ് ഇഡി ഓഫീസിന് പുറത്ത് അരങ്ങേറിയത്.
2004- 2009 കാലഘട്ടത്തിൽ ലാലു പ്രസാദ് യാദവ് റെയിൽ വേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽ നിന്നു തുച്ഛവിലയ്ക്കു കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ ഭൂമി എഴുതി വാങ്ങിയെന്നതാണ് കേസ്. ഇത്തരത്തിൽ നിരവധി പേരെ വിവിധ സോണുകളിൽ ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് നിയമിച്ചിരുന്നു എന്നാണ് ഇഡി കണ്ടെത്തൽ.
Discussion about this post