തിരുവനന്തപുരം: കേരളത്തിലെ മോശം സാമ്പത്തികാവസ്ഥയുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയ ചർച്ചയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. കേരളത്തിലെ ധനസ്ഥിതി മോശമായതിന്റെ കാരണം ഇടത് സർക്കാരിന്റെ പിടിപ്പുകേടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ കൊടുക്കാൻ പോലും സംസ്ഥാന സർക്കാരിന്റെ കയ്യിൽ പണമില്ല. ഓട പണിയാനോ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ സപ്ലൈക്കോയ്ക്ക് കൊടുക്കാനോ സർക്കാരിന് പണമില്ല. ട്രഷറി താഴിട്ട് പൂട്ടി താക്കോൽ പോക്കലിട്ടാണ് ധനമന്ത്രി നടക്കുന്നത്. എകെ ആന്റണി മുണ്ട് മുറുക്കി ഉടുക്കാൻ പറഞ്ഞത് നായനാരുടെ ഭരണത്തിന് ശേഷമാണ്. ഇന്ന് അതിനേക്കാൾ വലിയ സ്ഥിതിയാണെന്നും വിഡി സതീശൻ പറഞ്ഞു.
കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയായി. ഇത്രയും നികുതി വെട്ടിപ്പ് മുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോജി എം ജോൺ ആണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം, സർക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ട് ഇറങ്ങിപ്പോയതോടെ പ്രമേയം തള്ളി.
Discussion about this post