ലഖ്‌നൗ : രാഹുൽ ഗാന്ധി നയിക്കുന്ന രണ്ടാം ഭാരത് ജോഡോ യാത്ര തുടങ്ങിയതിൽ പിന്നെ പ്രതിപക്ഷ സഖ്യം ആയ ഇൻഡി സഖ്യത്തിൽ നിന്നും ഓരോ മുന്നണികളായി കൊഴിഞ്ഞു പോവുകയാണ്. ബംഗാളിലും പഞ്ചാബിലും ഹരിയാനയിലും സഖ്യം ഉണ്ടാവില്ലെന്ന് വിവിധ പാർട്ടികൾ വ്യക്തമാക്കി കഴിഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്ര ബീഹാറിൽ പ്രവേശിക്കുന്നതിനു മുൻപായി നിതീഷ് കുമാറിന്റെ ജെഡിയു സഖ്യം വിടുകയും എൻഡിഎയിൽ ചേരുകയും ചെയ്തു. ഇപ്പോൾ ഇതാ ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി അഖിലേഷ് യാതവന്റെ സമാജ് വാദി പാർട്ടിയും ഇൻഡി സഖ്യം വിടുന്നതായി സൂചന.
ചൊവ്വാഴ്ച സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. കോൺഗ്രസുമായി യാതൊരു കൂടിയാലോചനകളും നടത്താതെയാണ് അഖിലേഷ് യാദവ് ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ ഉത്തർപ്രദേശിൽ കോൺഗ്രസിന് മത്സരിക്കാനായി 11 സീറ്റുകൾ നൽകാമെന്ന് അഖിലേഷ് യാദവ് സൂചിപ്പിച്ചിരുന്നു. എന്നാൽ കുറഞ്ഞത് 20 സീറ്റുകൾ എങ്കിലും വേണമെന്ന കടുംപിടുത്തത്തിൽ ആയിരുന്നു കോൺഗ്രസ്. ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ഇപ്പോൾ എസ്പിയുടെ സ്ഥാനാർത്ഥി പട്ടിക അഖിലേഷ് യാദവ് പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ ഉത്തർപ്രദേശിൽ ഇൻഡി സഖ്യത്തിന് വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
സഖ്യകക്ഷികളോട് സമാജ് വാദി പാർട്ടിക്ക് പൂർണ്ണ ബഹുമാനമാണ് ഉള്ളതെന്ന് പാർട്ടി നേതാവ് രാജേന്ദ്ര ചൗധരി വ്യക്തമാക്കി. ഏറെ ആലോചനകൾക്ക് ശേഷമാണ് കോൺഗ്രസിന് മത്സരിക്കാനായി 11 സീറ്റുകൾ നൽകാമെന്ന് തീരുമാനിച്ചത്. സമാജ് വാദി പാർട്ടിക്ക് ഉത്തർപ്രദേശിൽ 62 സീറ്റുകൾ എങ്കിലും ആവശ്യമാണ്. എന്നാൽ ഈ തീരുമാനം അംഗീകരിക്കാൻ കോൺഗ്രസ് സന്നദ്ധത കാണിച്ചില്ല എന്നും സമാജ് വാദി പാർട്ടി കുറ്റപ്പെടുത്തി. എന്നാൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ സംസ്ഥാനത്ത് വെറും 11 സീറ്റിൽ മാത്രം മത്സരിക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ച് നാണക്കേടാണെന്നാണ് കോൺഗ്രസുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
Discussion about this post