ആലപ്പുഴ: കേസിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് മൂന്ന് മുസ്ലീം സ്ത്രീകൾ വീട്ടിലും ഓഫീസിലും ഭീഷണിയുമായി നിരന്തരം എത്തിയിരുന്നെന്ന് രൺജീത്ത് ശ്രീനിവാസന്റെ ഭാര്യ. പ്രായമായ സ്ത്രീകളാണ് വന്നത്. ‘മോളിനി ഒന്നിനും പോവണ്ടെന്നാണ് ഉമ്മ പറയുന്നത്. മോൾക്ക് രണ്ട് പെൺകുഞ്ഞുങ്ങളാണ്. അവർ ഇനി എസ്ഡിപിഐക്കാരുടെ കയ്യിൽ പെടാതെ നോക്കിക്കോളൂ’ എന്നാണ് അവർ പറഞ്ഞത്. ഡിസംബറിൽ സംഭവം നടന്ന് ചാർജ് ഷീറ്റ് കൊടുക്കുന്നതിനകം തന്നെ ഇവർ വീട്ടിലും ഓഫീസിലുമെല്ലാം വന്നിരുന്നു. കേസിൽ ഉടനീളം ഒരുപാട് സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നുവെന്നും രൺജീത്തിന്റെ ഭാര്യ വ്യക്തമാക്കി.
അച്ഛൻ പോയ സമയത്ത് തന്നെ നമുക്കും മരിച്ചേക്കാം എന്നാണ് മകൾ പറഞ്ഞിരുന്നത്. എന്നാൽ, ഈ പ്രതികളെ നേരിട്ടു കണ്ടതാണ്. ഇവർക്ക് ശിക്ഷ വാങ്ങി കൊടുക്കണം എന്ന വാശിയാണ് ഞങ്ങളെ മുന്നോട്ട് നയിച്ചത്. സാധാരണ ഒരു രാഷ്ട്രീയ കൊലപാതകമായി ഇതിനെ കാണാൻ കഴിയില്ല. അത്യപൂർവങ്ങളിൽ അപൂർവം തന്നെയാണ് ഈ േകസ്. ആ സമയത്ത് അത് നേരിൽ കണ്ട ഞങ്ങൾക്ക് മാത്രമേ ഭീകരത എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിക്കൂ.
ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല. കണ്ണടച്ചാലും വീടിന്റെ ഡൈനിംഗ് റൂമിൽ കയറുമ്പോഴുമെല്ലാം ആ ഓർമകളാണ്. എന്റെ ഏട്ടൻ വീണു കിടന്ന സ്ഥലമാണല്ലോ എന്ന തോന്നലാണ്. അവിടെ ചവിട്ടാൻ പോലും ഞങ്ങൾക്ക് ആവുന്നില്ല. ഇതിന്റെ എല്ലാം ഇടയിലും പ്രതികളെ ഞങ്ങൾക്ക് കോടതിക്ക് മുന്നിൽ കാണിച്ചു കൊടുക്കാൻ സാധിച്ചു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ്. ഇനി ദൈവത്തിന്റെ ശിക്ഷയുമുണ്ട്. അത് എനിക്കും അമ്മക്കും കാണാൻ സാധിച്ചില്ലെങ്കിലും എന്റെ മകൾക്കും നിങ്ങൾക്കുമെല്ലാം കാണാൻ സാധിക്കും’- അവർ കൂട്ടിച്ചേർത്തു.
അച്ഛനെ കൊന്നത് ഒരു സാധാരണ കൊലപാതകമായി മാറ്റാൻ കഴിയില്ലെന്ന് രൺജീത്തിന്റെ മകൾ പ്രതികരിച്ചു. വധശിക്ഷ തന്നെ കിട്ടണമെന്നായിരുന്നു ആഗ്രഹം. അച്ഛന്റെ മുഖം പോലും ശരിയായി കാണാൻ പറ്റാത്ത രീതിയിലായിരുന്നു. മുഖം കണ്ടിട്ട് സത്യത്തിൽ പേടിച്ചുപോവുകയായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ട് മോളേ എന്ന് വിളിക്കുന്ന അച്ഛന്റെ മുഖം അല്ലായിരുന്നു അത് എന്നും മകൾ പറഞ്ഞു.
Discussion about this post