ലക്‌നൗ: ജ്ഞാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവുമായി കോടതി. മസ്ജിദിൽ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അനുവാദം നൽകി കോടതി ഉത്തരവിട്ടു. ആരാധനയ്ക്കായി സൗകര്യം ഒരുക്കാൻ കോടതി അധികൃതർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
വാരാണസി ജില്ലാ കോടതിയാണ് ഹിന്ദുക്കളുടെ ഹർജിയിൽ അനുകൂല ഉത്തരവ് ഇട്ടിരിക്കുന്നത്. മസ്ജിദിന്റെ ഏറ്റവും താഴെയുള്ള ഭാഗത്ത് ആരാധനയ്ക്ക് വേണ്ടിയാണ് അനുമതി നൽകിയിരിക്കുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയിൽ മസ്ജിദിൽ നിന്നും ക്ഷേത്രത്തിന്റെ ഭാഗങ്ങളും വിഗ്രഹങ്ങളും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർണ്ണായക വിധി. മസ്ജിദിന് താഴെ മുദ്രവച്ച 10 നിലവറകൾക്ക് മുൻപിൽ പൂജ നടത്താനാണ് അനുമതിയുള്ളത്.
വിവിധ പൂജകൾ നടത്താമെന്ന് ഹർജിയിൽ കോടതി വ്യക്തമാക്കി. ഏഴ് ദിവസത്തിനുള്ളിൽ പൂജകൾ ആരംഭിക്കാം. എല്ലാവർക്കും ഇവിടെയെത്തി പ്രാർത്ഥനകളിലും പൂജകളിലും പങ്കെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ജില്ലാ കോടതിയുടെ വിധിയിൽ മേൽ കോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി പ്രതികരിച്ചു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഹിന്ദു വിഭാഗം ആരാധനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചത് എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. തൂണുകൾ ഉൾപ്പെടെയുള്ള ക്ഷേത്ര ഭാഗങ്ങൾ പരിശോധനയിൽ കണ്ടെത്തി. ദേവനാഗിരി, തെലുങ്ക്, കന്നഡ ലിപികളിലുള്ള ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശിവഭഗവാന്റേത് ഉൾപ്പെടെ നിരവധി വിഗ്രഹങ്ങളാണ് ജ്ഞാൻവാപിയിൽ നിന്നും ലഭിച്ചത്.
Discussion about this post