എറണാകുളം: ജയ് ഗണേഷ് സിനിമക്കെതിരെയുള്ള അപകീർത്തികരമായ പ്രചരണങ്ങളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഉണ്ണി മുകുന്ദൻ തുറന്നടിച്ചു. ഒരു വാട്‌സ് ആപ്പ് ചാറ്റ് പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പ്രതികരണം. ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും രാമനാമം ജപിക്കാത്തവരും എന്റെ സിനിമ കാണണ്ട എന്ന് ഉണ്ണി മുകുന്ദൻ പറയുന്ന രീതിയിലുള്ള ഒരു കാർഡ് ആണ് താരത്തിന് ഒരു വ്യക്തി അയച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ചിലത് വൈറലാകുന്നുണ്ടെന്നും ഇയാൾ പറയുന്നു. എന്നാൽ, അത് സാരമില്ല. വിവരമുള്ളവർക്ക് അത് മനസിലാകും അതിന് അനുസരിച്ച് അവർ പ്രതികരിക്കും എന്ന് താരം മറുപടി പറയുന്നുമുണ്ട്.
ഇതൊക്കെ ആര് ചെയ്താലും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്ന് സ്വപ്‌നം പോലും കാണണ്ടെന്ന് വാട്‌സ് ആപ് ചാറ്റിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് പോസ്റ്റിൽ താരം തുറന്നടിച്ചു. എനിക്ക് മെസേജ് അയച്ച ആളോട് പറഞ്ഞത് പോലെ ഇവിടെയും ഞാൻ പറയുന്നു. എന്നെ ശരിക്കും അറിയുന്നവർ വിവേകത്തോടെ പെരുമാറുമെന്നും താരം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
റിലീസ് പോലും ചെയ്യാത്ത ഒരു സിനിമയെ ഡീഗ്രേഡ് ചെയ്യാൻ നിങ്ങൾക്ക് എത്രനാൾ കഴിയും? ഒരു സിനിമയെ കൊല്ലാൻ നിങ്ങൾ ജനുവരി 1 മുതൽ ആരംഭിച്ച പരിശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഞാൻ ഒരിക്കലും പറയാത്ത വാക്കുകളും, ഒരിക്കലും പറയാത്ത സ്റ്റേറ്റ്‌മെന്റുകളുമാണ് ഒരു സിനിമയെ തകർക്കാൻ വേണ്ടി നിങ്ങൾ എന്റെ പേരിൽ പ്രചരിക്കുന്നത്. ഇതൊക്കെ ആരു ചെയ്താലും നിങ്ങൾ ഉറപ്പിച്ചോളൂ ഇതുകൊണ്ടൊന്നും ഞാനും എന്റെ സിനിമയും പരാജയപ്പെടുമെന്നത് നിങ്ങൾ സ്വപ്നം കാണുക പോലും വേണ്ട. എനിക്ക് മെസ്സേജ് അയച്ചയാളോട് ഞാൻ പറഞ്ഞത് പോലെ തന്നെ ഇവിടെയും പറയുന്നു, എന്നെ ശരിക്കും അറിയുന്നവർ വിവേകത്തോടെ പെരുമാറും. നിങ്ങളെയെല്ലാവരെയും തീയറ്ററിൽ വച്ച് കാണാം. ജയ് ഗണേഷ് ഏപ്രിൽ 11 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ഡങഎ ആദ്യമായി തിയേറ്റർ വിതരണത്തിനെത്തിക്കുന്ന ചിത്രമായിരിക്കും ജയ് ഗണേഷ്.
ഏപ്രിൽ 11നാണ് ഉണ്ണി മുകുന്ദൻ നായകനാകുന്ന ജയ് ഗണേഷ് തീയറ്ററുകളിലെത്തുക. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഉണ്ണി മുകുന്ദൻ നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.








