ജയ്പൂർ: ഭഗവാൻ ശ്രീരാമനെയും രാമായണത്തെയും അവഹേളിച്ച് രാജസ്ഥാൻ എംഎൽഎ. ഭാരത് ആദിവാസി പാർട്ടി എംഎൽഎ രാജ്കുമാർ റോത്ത് ആണ് അധിക്ഷേപ പരാമർശവുമായി രംഗത്ത് എത്തിയത്. സംഭവം വിവാദമായതോടെ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ ഉൾപ്പെടെ രംഗത്ത് എത്തി.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രാദേശിക പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു രാജ്കുമാറിന്റെ പരാമർശം. ശ്രീരാമനും രാമായണത്തിലെ മറ്റ് കഥാപാത്രങ്ങളും മിഥ്യയാണെന്ന് ആയിരുന്നു എംഎൽഎ പറഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് ശക്തമായ പ്രതിഷേധം ആരംഭിച്ചത്.
രാമഭഗവാനെയും രാമായണത്തെയും അവഹേളിച്ച രാജ് കുമാർ രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് വനവാസി സമൂഹത്തിലെ ഒരു വിഭാഗം ഗവർണറെ സമീപിച്ചു. എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 186 എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്യണം എന്നാണ് ആവശ്യം.
രാജ്കുമാറിന്റെ പരാമർശം ഹിന്ദു സമൂഹത്തെ ഒന്നടങ്കം വേദനിപ്പിച്ചതായി അഭിഭാഷകനായ ഹിമ്മത്ത് തവാഡ് വ്യക്തമാക്കി. രാമായണത്തെ അവഹേളിച്ചുകൊണ്ട് ഭാരതത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയുമാണ് രാജ്കുമാർ അവഹേളിച്ചത്. സനാതനധർമ്മത്തിന്റെ സംരക്ഷകർ ആകേണ്ടവർ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post