ന്യൂഡൽഹി: തുടർച്ചയായി ആറ് തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് സ്വന്തം. അഞ്ച് വാർഷിക ബജറ്റാണ് ഇതുവരെ നിർമല സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ ഇടക്കാല ബജറ്റ് കൂടി അവതരിപ്പിച്ചതോടെ മറ്റൊരു റെക്കോർഡ് കൈവരിച്ചിരിക്കുകയാണ് നിർമല സീതാരാമൻ. പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്. 1959- 1964 കാലഘട്ടത്തിലാണ് ധനമന്ത്രി എന്ന നിലയിൽ മൊറാർജി ദേശായി അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ച് റെക്കോർഡിട്ടത്.
ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചതോടെ നിർമലാ സീതാരാമൻ തന്റെ മുൻഗാമികളായ മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്ലി, പി. ചിദംബരം, യശ്വന്ത് സിൻഹ എന്നിവരുടെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ച റെക്കോർഡുകൾ മറികടക്കും.
2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അരുൺ ജെയ്റ്റ്ലി ധനമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുക്കുകയും 2014-15 മുതൽ 2018-19 വരെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
2017 വരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസമായിരുന്നു ബജറ്റ് അവതരണം. എന്നാൽ, 2017-ലാണ് അതുവരെയുള്ള രീതി മാറ്റി ഫെബ്രുവരിയിലെ ഒന്നാം തിയതിയിലേക്ക് ജെയ്റ്റ്ലി ബജറ്റവതരണം മാറ്റിയത്.
ജെയ്റ്റ്ലിയുടെ അനാരോഗ്യത്തെത്തുടർന്ന് മന്ത്രാലയത്തിന്റെ അധിക ചുമതല വഹിച്ചിരുന്ന പീയുഷ് ഗോയൽ 2019-20 ലെ ഇടക്കാല ബജറ്റ് 2019 ഫെബ്രുവരി 1ന് അവതരിപ്പിച്ചു.
2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, രണ്ടാം മോദി സർക്കാരിലാണ് നിർമലാ സീതാരാമന് ധനകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുത്തത്. ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി നിർമല സീതാരാമൻ.
Discussion about this post