ന്യൂഡൽഹി: കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികൾക്കിടയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ മൂന്ന് കോടി വീടുകൾ യാഥാർത്ഥ്യമാക്കാനായെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ കൂടി സാധ്യമാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
കൂടുതൽ മെഡിക്കൽ കോളേജുകൾ രാജ്യത്താകെ സ്ഥാപിക്കും. ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യഥാർത്ഥ്യമാക്കും. അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റേതാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതിയെന്നും ധനമന്ത്രി വ്യക്തമാക്കി.
മോദി ഭരണത്തിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റവതരണം ആരംഭിച്ചത്. നിക്ഷേപസൗഹൃദ രാജ്യമായി ഇന്ത്യ മാറിയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ആളോഹരി വരുമാനത്തിൽ 50% വർധനവുണ്ടായി. പശ്ചാത്തല വികസനത്തിലും റെക്കോർഡ് വർദ്ധനവുണ്ടായി. ഈ വളർച്ചയിൽ എല്ലാ മേഖലയ്ക്കും തുല്യ പങ്കാണ് ഉള്ളതെന്നും ധനമന്ത്രി വ്യക്തമാക്കി.
ജിഡിപി – ഭരണനിർവഹണം – വികസനം – പ്രകടനം എന്നിവയിൽ സർക്കാർ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2024ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം സാധ്യമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സ്‌കിൽ ഇന്ത്യ മിഷനിലൂടെ 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകി. മൂവായിരം ഐടിഐകൾ സ്ഥാപിച്ചു. 78 ലക്ഷം തെരുവോര കച്ചവടക്കാർക്ക് വായ്പ നിൽകിയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ സമ്പദ് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. അമൃത്കാലത്തിനായി സർക്കാർ പ്രയത്‌നിച്ചു. മോദിയുടെ ഭരണത്തിൽ രാജ്യം കുതിച്ചു. തൊഴിൽ സാധ്യതകൾ വർദ്ധിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.
ഗ്രാമീണ തലത്തിൽ വരെ വികസന പദ്ധതികൾ എത്തിച്ചു. അഴിമതിയും സ്വജനപക്ഷവാദവും കുറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നതാണ് പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ വിജയ മന്ത്രമെന്നും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post