ന്യൂഡൽഹി: വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞ് കൊണ്ട് രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. മോദിയുടെ ഭരണത്തിൽ രാജ്യം കുതിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി, 2024 ൽ ജനം ഭരണതുടർച്ച നൽകുമെന്ന പ്രതീക്ഷ പങ്കുവച്ചു. അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി 2047 ൽ വികസിതഭാരതം ലക്ഷ്യമാണെന്ന് ആവർത്തിച്ചു. ‘എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയ മന്ത്രമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
- ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആശാവർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും ഉൾപ്പെടുത്തും
- പി.എം.എ.വൈയിലൂടെ അഞ്ച് വർഷത്തിനുള്ളിൽ രണ്ടു കോടി വീടുകൾ കൂടി സാധ്യമാക്കും.
- കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും.
- ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യഥാർത്ഥ്യമാക്കും.
- സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും.
- മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും.
- രാജ്യത്ത് നമോഭാരത് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
- മൂന്ന് റെയിൽവേ ഇടനാഴികൾ പുതുതായി നിർമ്മിക്കും. കൂടുതൽ നഗരങ്ങളെ ബന്ധിപ്പിച്ച് മെട്രോ റെയിൽ സർവ്വീസുകൾ ആരംഭിക്കും. 40,000 ബോഗികൾ വന്ദേഭാരത് കോച്ചുകളുടെ നിലവാരത്തിലേക്ക് മാറ്റും.
- ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും വേണ്ടിയുള്ള പദ്ധതികൾ സംയോജിപ്പിക്കും.
- ലക്ഷദ്വീപിനെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കും. ദ്വീപിൽ പുതിയ തുറമുഖം പണിയാനുള്ള നടപടികൾ എടുക്കും. രാജ്യത്തെ തുറമുഖങ്ങൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കും.
- ആത്മീയ ടൂറിസത്തിന് ഊന്നൽ നൽകും. സംസ്ഥാനങ്ങൾക്ക് ടൂറിസം രംഗത്ത് ദീർഘകാല വായ്പകൾ നൽകും.
- പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസം മേഖലയിൽ വിദേശനിക്ഷേപം സ്വീകരിക്കും.
- ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി.
- 5 ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും.
- രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും.
- വിമാനത്താവള വികസനം തുടരും. കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും.
- ഇ -വാഹന മേഖല വിപുലമാക്കും.
Discussion about this post