തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ എക്സാ ലോജിക് കമ്പനിക്കെതിരായ കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം നേതാവ് എ കെ ബാലൻ. കോടതിവിധിക്ക് എതിരാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. മുഖ്യമന്ത്രിയുടെ കുടുംബത്തെ അവഹേളിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നതെന്നും ബാലൻ ആരോപിച്ചു.
കോടതിയുടെ പരിഗണനയിലുള്ള കേസിൽ കോടതിയിൽ നിന്നും അനുമതിയില്ലാതെ എങ്ങനെയാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നതെന്നും എ കെ ബാലൻ ചോദ്യമുന്നയിച്ചു. കേന്ദ്ര ഏജൻസികൾ ഈ കാട്ടിക്കൂട്ടുന്നത് പരിഹാസ്യമാണ്. മുഖ്യമന്ത്രിക്ക് കുടുംബത്തിന് എതിരായി ഒരു നോട്ടീസ് പോലും ഹൈക്കോടതി അയച്ചിട്ടില്ല. പിന്നെ ഏത് സാഹചര്യത്തിലാണ് ഈ അന്വേഷണം എന്ന് വ്യക്തമാക്കണം എന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.
വീണ വിജയനെതിരായ അന്വേഷണത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചന തന്നെയുണ്ട്. ചില വ്യക്തികളാണ് ഈ ഗൂഢാലോചന നടത്തുന്നത്. അവർ ആരൊക്കെയാണെന്ന് വ്യക്തമായ അറിവ് ഞങ്ങൾക്കുണ്ട്. വലിയ സാമ്പത്തിക കുറ്റങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ആണ് വീണ വിജയന്റെ എക്സാ ലോജിക്കിനെതിരായ അന്വേഷണം നടത്തുന്നത്. എങ്ങനെ വേട്ടയാടിയാലും ഒരു പ്രതികൂല വിധിയും മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരെ വരില്ല എന്നും എ കെ ബാലൻ വ്യക്തമാക്കി.
Discussion about this post