ഇസ്‌ളാമാബാദ് : പാകിസ്‌താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. പാകിസ്‌താൻ പൊതു തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക നിരസിച്ചതിനെതിരെ സുപ്രീംകോടതിയിൽ നൽകിയിരുന്ന ഹർജി തള്ളി. പൊതു തിരഞ്ഞെടുപ്പിനായി ഒരാഴ്ച മാത്രം ശേഷിക്കവേ ആണ് പാക് സുപ്രീംകോടതിയുടെ ഈ നടപടി. പാക് പഞ്ചാബ് പ്രവിശ്യയിലെ രണ്ടു ദേശീയ അസംബ്ലി സീറ്റുകളിലേക്ക് ഇമ്രാൻഖാൻ സമർപ്പിച്ച നാമനിർദ്ദേശപത്രിക നിരസിക്കപ്പെട്ടതിനെ ചോദ്യംചെയ്താണ് ഇമ്രാൻ ഖാൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്.
ഇമ്രാൻഖാൻ സമർപ്പിച്ച ഹർജിയിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ഈ അപാകതകൾ പരിഹരിച്ച ശേഷം ഹർജി വീണ്ടും ഫയൽ ചെയ്യാനും നിർദ്ദേശമുണ്ട്. ലാഹോർ, മിയാൻ വാലി എന്നീ മണ്ഡലങ്ങളിലെ ദേശിയ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായാണ് മുൻ പാകിസ്താൻ പ്രധാനമന്ത്രി ആയിരുന്ന ഇമ്രാൻ ഖാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നത്. ധാർമിക കാരണങ്ങളാൽ യോഗ്യനല്ലെന്ന് കാണിച്ചാണ് ഇമ്രാൻ ഖാന്റെ നാമനിർദേശ പത്രിക തള്ളിയിരുന്നത്.
തോഷഖാന അഴിമതി കേസിൽ ജയിലിൽ കഴിയുകയാണ് നിലവിൽ ഇമ്രാൻഖാൻ. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വില കൂടിയ സർക്കാർ സമ്മാനങ്ങൾ മറിച്ചുവിറ്റെന്നാണ് ഇമ്രാൻ ഖാനെതിരായുള്ള ആരോപണം. റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് നിലവിൽ ഇമ്രാൻഖാൻ കഴിയുന്നത്. തോഷഖാന അഴിമതി കേസിലെ നടപടികൾ ധാർമിക അടിസ്ഥാനത്തിൽ അല്ല എന്നും അതിനാൽ തന്റെ നാമനിർദ്ദേശപത്രിക നിരസിച്ച തിരഞ്ഞെടുപ്പ് ഓഫീസർ, തിരഞ്ഞെടുപ്പ് ട്രൈബ്യൂണൽ, ഹൈക്കോടതി എന്നിവയുടെ തീരുമാനങ്ങൾ അസാധു ആക്കണമെന്നും ആവശ്യപ്പെട്ടാണ് ഇമ്രാൻഖാൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.








