റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും ഗതാഗത മന്ത്രിയുമായ ചമ്പായ് സോറൻ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ രാജ്ഭവനിൽ നടക്കുന്ന പരിപാരിടിയിൽ ഗവർണർ സി.പി രാധാകൃഷ്ണൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്നലെ രാത്രി ചാമ്പായ് സോറൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.
രാത്രി 11 മണിയോടെയായിരുന്നു സർക്കാർ രൂപീകരിക്കാൻ ഗവർണർ ചമ്പായ് സോറനെ ക്ഷണിച്ചത്. 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്. തങ്ങൾക്ക് ഭൂരിപക്ഷം ഉള്ളതായി ചാമ്പായ് സോറൻ ഗവർണറെ അറിയിച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ആലംഗിർ അലം, ആർജെഡി എംഎൽഎ സത്യാനന്ദ് ഭോക്ത, സിപിഐ എംഎൽ വിനോദ് സിംഗ് എന്നിവരും ചാമ്പായ്‌ക്കൊപ്പം രാജ്ഭവനിൽ എത്തിയിരുന്നു.
അതേസമയം കൂറ് മാറ്റം ഭയന്ന് ഹേമന്ത് സോറന്റെ സഹോദരൻ ബസന്ത് സോറൻ ഉൾപ്പെടെ 39 എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റാനാണ് പാർട്ടിയുടെ നീക്കം. ഹൈദരാബാദിലേക്ക് പോകാൻ ഇന്നലെ രാത്രി എംഎൽഎമാർ വിമാനത്തിൽ കയറി എങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് വിമാനം റദ്ദാക്കുകയായിരുന്നു.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറൻ അറസ്റ്റിലായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചമ്പായ് സോറൻ എത്തിയത്. കേസിൽ ഇഡി കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
Discussion about this post