ന്യൂഡൽഹി: ജ്ഞാൻവാപിയിൽ ഹിന്ദു വിശ്വാസികൾ പൂജ നടത്തുന്നത് തടയണമെന്ന ആവശ്യം കോടതി തള്ളിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് മുസ്ലീം സംഘടനകൾ. മുസ്ലീങ്ങളുടെ ക്ഷമക്കും അതിരുണ്ടെന്ന് നിയമപരവും ഭരണഘടനാപരവുമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാതെ നിരന്തരം അന്യായം കാണിക്കുന്നവർ ഓർക്കണമെന്ന് മുസ്ലീം നേതാക്കൾ പറഞ്ഞു. ജ്ഞാൻവാപിയിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ വിവിധ മുസ്ലീം സംഘടനാ നേതാക്കൾ സംയുക്തമായി വിളിച്ച വാർത്താ സമ്മേളനത്തിലാണ് നീതിന്യായ വ്യവസ്ഥയ്ക്കെതിരായ ഈ വെല്ലുവിളി.
ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും മുസ്ലീങ്ങളോട് തുടർന്നുകൊണ്ടിരിക്കുന്ന അന്യായം രാജ്യത്തെ കോടതികളും ആവർത്തിക്കുകയാണെങ്കിൽ അസ്വസ്ഥമായ സമുദായത്തിന്റെ നിയന്ത്രണം കൈവിട്ടുപോകുമെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ക്ഷമിക്കാനും സഹിക്കാനും മുസ്ലിംകളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്റ് അമീർ മലിക് മുഅ്തസിം ഖാൻ മുസ്ലിം സഹോദരങ്ങളോട് ക്ഷമ കൈകൊള്ളാൻ ഇനിയുമെത്ര നാൾ ആഹ്വാനം ചെയ്യുമെന്ന് ഖാൻ ചോദിച്ചു. മുസ്ലീങ്ങൾ ക്ഷമയും സഹനവും ഉപേക്ഷിച്ചാൽ പ്രയാസമുണ്ടാകുക രാജ്യത്തിനാകും. ഇക്കാര്യം മനസിലാക്കേണ്ടത് മുസ്ലീം നേതാക്കളുടെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണെന്ന് മലിക് മുഅ്തസിം ഖാൻ പറയുന്നു.
അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി, ബോർഡ് അംഗം ഡോ. എസ്.ക്യൂ.ആർ. ഇല്യാസ്, ബോർഡ് വർക്കിങ് കമ്മിറ്റി അംഗം കമാൽ ഫാറൂഖി എന്നിവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
Discussion about this post