ന്യൂഡൽഹി: തന്റെ ജീവിതം മുഴുവൻ രാജ്യത്തിനും സമൂഹത്തിനുമായി സമർപ്പിച്ച വ്യക്തിയാണ് എൽകെ അദ്വാനിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നമ്മുടെയെല്ലാം പ്രചോദനത്തിന്റെ ഉറവിടമാണ് എൽകെ അദ്വാനി. അദ്ദേഹത്തിന് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന നൽകി ആദരിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൽകെ അദ്വാനിക്ക് ഭാരത് രത്‌ന നൽകി ആദരിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെയെല്ലാം പ്രചോദനത്തിന്റെ ഉറവിടമായ ലാൽ കൃഷ്ണ അദ്വാനിയെ ഭാരത് രത്‌ന നൽകി ആദരിച്ചതിൽ അതിയായ സന്തോഷമുണ്ട്. നമ്മുടെ പാർട്ടിയുടെ വികസനത്തിന് അടൽ ബിഹാരി വാജ്‌പേയും എൽ കെ അദ്വാനിയുമെല്ലാം സുപ്രധാന പങ്കാണ് വഹിച്ചത്. അദ്ദേഹം തന്റെ ജീവിതം മുഴുവൻ രാജ്യത്തിനും സമൂഹത്തിനും വേണ്ടി മാറ്റി വച്ച വ്യക്തിയാണ്’- നിതിൻ ഗഡ്കരി വ്യക്തമാക്കി. അടൽ ബിഹാരി വാജ്‌പേയും അദ്വാനിയും കഠിനപരിശ്രമം കൊണ്ടാണ് പാർട്ടി ഇപ്പോഴുള്ള സ്ഥാനത്തെത്തിയത്. ഇത് ഞങ്ങൾക്കെല്ലാം അഭിമാന നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് എൽകെ അദ്വാനിയെ ഭാരതരത്ന നൽകി ആദരിക്കുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 96 -ാം വയസ്സിലാണ് രാജ്യത്തിൻറെ പരമോന്നത ബഹുമതി അദ്വാനിയെ തേടിയെത്തുന്നത്. പൊതുരംഗത്തെ സംഭാവന പരിഗണിച്ചാണ് ഭാരതരത്ന സമ്മാനിക്കുന്നത്. രാജ്യ വികസനത്തിന് അദ്വാനി നൽകിയത് മഹത്തായ മാതൃകകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രത്തെ സേവിക്കാനായി ജീവിതം മാറ്റിവെച്ച വ്യക്തിയാണ് എൽ കെ അദ്വാനി എന്നും, രാജ്യത്തിൻറെ വികസനത്തിനായി അദ്ദേഹം നൽകിയ സംഭവനകൾ ബൃഹത്താണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post