തൃശൂർ: കേരളഗാന വിവാദത്തിൽ പ്രതികരണവുമായി കേരളസാഹിത്യ അക്കാദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അക്കാദമി അംഗീകരിച്ചത് ബികെ ഹരിനാരായണന്റെ പാട്ടാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സച്ചിദാനന്ദൻ പറയുന്നത്. പാട്ടിൽ തിരുത്തൽ വരുത്താൻ ശ്രീകുമാരൻ തമ്പിയോട് പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം അതിന് തയ്യാറായില്ല. ഹരിനാരായണന്റെ പാട്ടാണ് അക്കാദമി അംഗീകരിച്ചത്. പാട്ടിൽ തിരുത്തൽ വരുത്താൻ അദ്ദേഹം തയ്യാറായിരുന്നു. സംഗീത സംവിധായകൻ ബിജിപാൽ ആണ് ഈ പാട്ടിന് ഈണം നൽകുക. ഹരിനാരായണൻ തന്നെയാണ് അദ്ദേഹത്തിന്റെ പേര് നിർദേശിച്ചതെന്നും അക്കാദമി ചെയർമാൻ വ്യക്തമാക്കി.
ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചത്. ഒരു ഗാനം മാത്രമാണ്. പാട്ട് നിരാകരിച്ച വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ മറ്റ് പല ശക്തികളും ഉണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലചന്ദ്രൻ ചുള്ളിക്കാടിനെ അപമാനിച്ചെന്ന വിവാദത്തിന്റെ ചൂടാറും മുൻപാണ് ഇപ്പോൾ സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട് കേരളഗാന വിവാദവും പുകഞ്ഞു തുടങ്ങുന്നത്. സർക്കാരിനായി ഗാനം എഴുതാൻ ആവശ്യപ്പെട്ട് അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പാിലാണ് സാഹിത്യ അക്കാദമിയിൽ നിന്നും ഉണ്ടായ ദുരനുഭവം അദ്ദേഹം തുറന്നു പറഞ്ഞത്. അക്കാദമി അദ്ധ്യക്ഷനായ കെ സച്ചിദാനന്ദനും സെക്രട്ടറിയുമാണ് ഗാനം എഴുതാനായ ആവശ്യപ്പെട്ടത്. അതിന് ശേഷം തിരുത്തൽ ആവശ്യപ്പെട്ടു. ഗാനം നിരാകരിച്ചോ അംഗീകരിച്ചോ എന്ന് ഇപ്പോഴും അറിയില്ല. എന്നാൽ, പിന്നീട് കണ്ടത് കവികളിൽ നിന്നും കേരള ഗാനം ക്ഷണിച്ചുള്ള പരസ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഗദ്യകവിതയുടെ മുന്നിൽ തനിക്ക് അപമാനിതനാകേണ്ടി വന്നുവെന്നും ഇക്കാര്യത്തിൽ മന്ത്രി സജി ചെറിയാൻ ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post