തിരുവനന്തപുരം: ശ്രീകുമാരൻ തമ്പിയുടെ കേരളഗാന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. കേരളഗാനത്തിൽ തീരുമാനമായിട്ടില്ല. ശ്രീകുമാരൻ തമ്പിയുമായി സംസാരിക്കും. വിഷയത്തിൽ സർക്കാർ അന്വേഷിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
കേരളഗാനത്തിൽ തീരുമാനമായിട്ടില്ല. ആരുടെ ഗാനം തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. കേരളത്തിന് ഒരു ഗാനം വേണമെന്ന കാര്യത്തിൽ മുൻകൈയ്യെടുത്തത് മുഖ്യമന്ത്രിയാണ്. ഏതു രൂപത്തിലാണ് ഗാനം എഴുതി വരുന്നതെന്ന് അറിയില്ല. ഗാനത്തിന്റെ രചന ഏതു ഘട്ടത്തിൽ എത്തിയെന്ന് പരിശോധിക്കേണ്ടതുണ്ട്. സംഭവത്തിൽ അന്വേഷിച്ച് സർക്കാർ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകുമാരൻ തമ്പിയുമായും അക്കാദമി അംഗങ്ങളുമായും സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുതകൾ പരിശോധിക്കും. ലോകം കണ്ട ഏറ്റവും വലിയ കവിയാണ് അദ്ദേഹം. ലോകത്തിന് അതിമനോഹരമായ ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹത്തെ ചേർത്തു പിടിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കുകയും അദ്ദേഹവുമായി ആലോചിച്ച് പല കാര്യങ്ങളും കേൾക്കാറുമുണ്ട്. അദ്ദേഹം പറഞ്ഞ കാര്യത്തെ നിസാരമായി കാണുന്നില്ല. അതിന്റേതായ ഗൗരവത്തിൽ വിഷയത്തെ കാണുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തിൽ അക്കാദമി അദ്ധ്യക്ഷൻ സച്ചിദാനന്ദന്റെ പ്രസ്താവന തള്ളിയിരിക്കുകയാണ് ഡോ. എം ലീലാവതി. ഈ പാട്ട് താൻ കണ്ടിട്ടേയില്ലെന്നാണ് ഡോ എം ലീലാവതി പറഞ്ഞത്.
Discussion about this post