ന്യൂഡൽഹി: രാജ്യത്ത് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുന്നു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ മാതൃക മാർച്ച് മാസത്തോടെ തയ്യാറാകുമെന്നും ഏപ്രിൽ മുതൽ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2025 അവസാനത്തോടെ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കണമെന്നാണ് ലക്ഷ്യം.
നിലവിലെ രാജധാനി ട്രെയിനുകളേക്കാൾ വേഗതയുള്ളവയായിരിക്കും രാജ്യത്തിന്റെ ആദ്യ സ്ലീപ്പർ വന്ദേ ഭാരത്. വേഗതയ്‌ക്കൊപ്പം മികച്ച യാത്രാ അനുഭവവും ഈ വന്ദേ ഭാരത് നൽകും. ആധുനിക സൗകര്യങ്ങളോട് കൂടിയായിരിക്കും പുതിയ വന്ദേ ഭാരത് എത്തുക. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് യാത്രാ സമയം രണ്ട് മണിക്കൂറായി കുറയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഡൽഹി – മുംബൈ, ഡൽഹി – ഹൗറ റൂട്ടുകളിൽ ഒന്നിലാകും ആദ്യ സർവീസ് വരുന്നത്. ട്രെയിനുകളുടെ സമയം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ബിഇഎംഎൽ, ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ചാണ് ട്രെയിൻ രൂപകൽപ്പന ചെയ്യുന്നത്.
അതേസമയം, കേരളത്തിൽ മൂന്നാം വന്ദേ ഭാരതും സർവീസ് ആരംഭിക്കുകയാണ്. ഗോവയിലേക്കുള്ള വന്ദേ ഭാരത് കോഴിക്കോടേക്ക് സർവീസ് നടത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്ന് മുതൽ സർവീസ് നടത്തുമെന്ന കാര്യത്തിൽ ഇത് വരെ തീരുമാനമായിട്ടില്ല.
Discussion about this post