ലക്‌നൗ: ഉത്തർപ്രദേശിൽ കാവിക്കൊടിയെ അവഹേളിച്ച് വീഡിയോ പങ്കുവച്ച യുവാവ് പിടിയിൽ. മിർസാപൂരിലെ കച്‌വയിലാണ് സംഭവം. യുവാവ് കാവികൊടിയെ അവഹേളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇതേ തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന കൊടിമരത്തിലുണ്ടായിരുന്ന കാവി കൊടിയാണ് ഇയാൾ അവഹേളിച്ചത്. കൊടിമരത്തിൽ കയറി കാവി കൊടി ഊരിയെടുത്ത ശേഷം യുവാവ് അതുകൊണ്ട് കാലുകൾ തുടയ്ക്കുകയായിരുന്നു. ഇതിന് ശേഷം ചെരുപ്പ് തുടച്ചു. പിന്നീട് ഇയാൾ കാവി കൊടിയിൽ ചെരുപ്പ് പൊതിയുകയും ചെയ്തു. ചില അസഭ്യവാക്കുകളും ഇയാൾ പറയുന്നതായി വീഡിയോയിൽ കാണാം.
യുവാവിന്റെ പരാക്രമം കണ്ട് അതുവഴി പോയ പ്രദേശവാസിയാണ് ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.












