ഡെറാഡൂൺ: നിയമസഭാ സമ്മേളന വേളയിൽ മന്ദിരത്തിന് ചുറ്റുമുള്ള പ്രദേശത്ത് നിരോധനാജ്ഞ. ഏകീകൃത സിവിൽ നിയമവുമായി ബന്ധപ്പെട്ട് കരട് ബില്ല് സഭയിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ചവരെയാണ് ഉത്തരാഖണ്ഡ് നിയമസഭ സമ്മേളിക്കുന്നത്.
നിയമസഭാ മന്ദിരത്തിന്റെ 300 മീറ്റർ ചുറ്റളവിലാണ് ഡെറാഡൂൺ ജില്ലാ ഭരണകൂടം സെക്ഷൻ 144 പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് കരട് ബില്ല് സഭയിൽ അവതരിപ്പിക്കുന്നത്. ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ കരട് റിപ്പോർട്ടിന് അംഗീകാരം നൽകിയിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച സഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്.
144 പ്രഖ്യാപിച്ച സാഹചര്യത്തിൽ നാലോ അതിലധികമോ പേർ കൂടിച്ചേരരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും തരത്തിലുള്ള ഘോഷയാത്രയോ പ്രകടനങ്ങളോ പൊതുയോഗങ്ങളോ സംഘടിപ്പിക്കാൻ പാടില്ല.ഏതെങ്കിലും തരത്തിലുള്ള മുദ്രാവാക്യം വിളിക്കൽ, ഉച്ചഭാഷിണി ഉപയോഗം, സർക്കാർ കെട്ടിടങ്ങളിൽ മുദ്രാവാക്യങ്ങൾ എഴുതൽ, തെറ്റിദ്ധരിപ്പിക്കുന്ന എഴുത്തുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ വസതിയിൽ എത്തിയാണ് ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയും സമിതി അദ്ധ്യക്ഷയുമായ രഞ്ജന ദേശായിയാണ് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. വിരമിച്ച ജഡ്ജി പ്രമോദ് കോഹ്ലി, സാമൂഹിക പ്രവർത്തകനായ മനു ഗൗർ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ശത്രുഘ്നൻ സിംഗ്, ഡൂൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സുരേഖ ദംഗ്വാൾ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Discussion about this post