കൊല്ലം : കൊല്ലം ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി. ഡിവൈഎഫ്ഐ നേതാവിനെതിരായാണ് പരാതി ഉയർന്നിട്ടുള്ളത്. യുവതിയുടെ പരാതിയെ തുടർന്ന് ശാസ്താംകോട്ട പോലീസ് പ്രതിയായ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി വിശാഖ് കല്ലടയെ അറസ്റ്റ് ചെയ്തു.
പടിഞ്ഞാറേകല്ലട കോയിക്കല്‍ ഭാഗം സ്വദേശിയായ വിശാഖ് ദീർഘകാലമായി സിപിഎം അംഗമായും ഡിവൈഎഫ്ഐ നേതൃനിരയിലും പ്രവർത്തിച്ചു വരുന്ന ആളാണ്. പാർട്ടി പരിപാടിയായ മാതൃകത്തിന്റെ ഭാഗമായാണ് ശൂരനാട് സ്വദേശിനിയായ യുവതിയുമായി പരിചയത്തിൽ ആവുന്നത്. സൗഹൃദത്തിൽ ആയ ശേഷം വിവാഹ വാഗ്ദാനം നൽകി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പലപ്പോഴായി 9 ലക്ഷത്തോളം രൂപ പണവും ഇയാൾ ഈ യുവതിയിൽ നിന്നും തട്ടിയെടുത്തതായും പരാതിയുണ്ട്.
നിരവധി തവണ പീഡനത്തിന് ഇരയാക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത ശേഷം വിശാഖ് ബന്ധത്തിൽ നിന്നും പിന്മാറിയതായും ചതിച്ചതായും യുവതിയുടെ പരാതിയിൽ സൂചിപ്പിക്കുന്നു. പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും യുവതി വഴങ്ങിയിരുന്നില്ല. ഇതോടെയാണ് പോലീസിന് ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യേണ്ടതായി വന്നത്. വഞ്ചന, ബലാൽസംഗം, പട്ടികജാതി പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post