ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡിനായുള്ള ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ. നിയമവുമായി ബന്ധപ്പെട്ട കരട് റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തിലാണ് അതിവേഗ നീക്കം. ബില്ല് സഭ പാസാക്കിയാൽ ഗവർണറുടെ അനുമതിയ്ക്കായി ഉടൻ സമർപ്പിക്കും. ഗവർണർ ഒപ്പിട്ടാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ആകും ഉത്തരാഖണ്ഡ്.
വെള്ളിയാഴ്ച ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ടുള്ള സമിതി കടര് റിപ്പോർട്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയ്ക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെ ബില്ല് അവതരിപ്പിക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. മറ്റെന്നാൾ സഭ പിരിയും.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ വ്യക്തികൾക്കും തുല്യ അവകാശം ഉറപ്പുവരുത്തുന്ന നിയമം ആണ് ഏകീകൃത സിവിൽ കോഡ്. ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു നിയമം നടപ്പിലാക്കും എന്നത്. ധാമി സർക്കാർ അധികാരത്തിൽവന്ന ഉടൻ തന്നെ ഇതിനായുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സർക്കാർ വിരമിച്ച സുപ്രീംകോടതി ജഡ്ജി രഞ്ജന ദേശായിയുടെ അദ്ധ്യക്ഷതയിൽ സമിതി രൂപീകരിച്ചത്.
അതേസമയം ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ബില്ല് സഭയിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിയമസഭയും പരിസരവും കനത്ത പോലീസ് കാവലിൽ ആണ്. നിയമസഭാ പരിസരത്ത് നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post