ഡെറാഡൂൺ: സംസ്ഥാന നിയമസഭയിൽ ഏകൃകൃത സിവിൽ കോഡ് ആദ്യമായി അവതരിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ഉത്തരാഖണ്ഡ്. ഇതോടെ യുസിസിയുടെ നിബന്ധനകളും ചർച്ചയാവുകയാണ്.യുസിസി നടപ്പിൽ വരുന്നതോടെ ഉത്തരാഖണ്ഡിൽ ലിവിങ് ടുഗെതർ ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവരും അതിന് പദ്ധതിയിടുന്നവരും ജില്ലാ ഉദ്യോഗസ്ഥർക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണം.ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്നവർ 21 വയസിൽ താഴെയുള്ളവരാണെങ്കിൽ രക്ഷിതാക്കളുടെ സമ്മതവും വേണം. ഉത്തരാഖണ്ഡിലെ താമസക്കാർ സംസ്ഥാനത്തിന് പുറത്താണ് ലിവിങ് ടുഗെതർ ബന്ധത്തിൽ ഏർപ്പെടുന്നതെങ്കിലും നിയമം ബാധകമാവുമത്രേ.
രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ബന്ധങ്ങൾ പൊതുനയങ്ങൾക്കോ ധാർമിക മര്യാദകൾക്കോ നിരക്കുന്നതല്ലെങ്കിൽ ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് അനുമതി നിഷേധിക്കും. പങ്കാളികളിൽ ഒരാൾ നേരത്തെ വിവാഹം ചെയ്തതോ അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലോ ഉള്ള ആളായിരിക്കുക, പങ്കാളികളിൽ ഒരാൾ 21 വയസിൽ താഴെയുള്ള ആളായിരിക്കുകയും രക്ഷിതാക്കളുടെ അനുമതി സംബന്ധിച്ച രേഖകൾ വ്യാജമായോ തട്ടിപ്പിലൂടെയോ ആൾമാറാട്ടത്തിലൂടെയോ ഉണ്ടാക്കിയതാവുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്.
ലിവിങ് ടുഗെതർ ബന്ധങ്ങൾ സംബന്ധിച്ച അപേക്ഷ സ്വീകരിക്കാൻ ഒരു വെബ്‌സൈറ്റ് തുടങ്ങുമെന്നും ഇതിലൂടെ ലഭിക്കുന്ന അപേക്ഷകൾ ജില്ലാ രജിസ്ട്രാർ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ജില്ലാ രജിസ്ട്രാർ അന്വേഷണം നടത്തിയായിരിക്കും അംഗീകാരം നൽകുക. അന്വേഷണത്തിനായി ഉദ്യോഗസ്ഥന് പങ്കാളികളിൽ ഒരാളെയോ രണ്ട് പേരെയുമോ മാതാപിതാക്കളെയോ മറ്റ് വ്യക്തികളെയോ വിളിച്ചുവരുത്താനും അധികാരമുണ്ടാവും. രജിസ്‌ട്രേഷൻ നിഷേധിച്ചാൽ അക്കാര്യം ഉദ്യോഗസ്ഥൻ രേഖാമൂലം അറിയിക്കണം. കാരണങ്ങളും വിശദീകരിക്കണം.
ലിവിങ് ടുഗെതർ ബന്ധം അവസാനിപ്പിക്കുകയാണെങ്കിലും രേഖാമൂലം അറിയിക്കണം. ഇതിന് ഉന്നയിക്കുന്ന കാരണങ്ങൾ തെറ്റാണെന്നോ സംശയകരമാണെന്നോ തോന്നുന്ന പക്ഷം രജിസ്ട്രാർക്ക് പോലീസ് അന്വേഷണം ആവശ്യപ്പെടാം. പങ്കാളികളിൽ ഒരാൾ 21 വയസിൽ താഴെയുള്ള ആളാണെങ്കിൽ രക്ഷിതാക്കളെയും അറിയിക്കാം.
ലിവിങ് ടുഗെതർ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്നത് മൂന്ന് മാസം തടവോ 25,000 രൂപയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി ആറ് മാസം വരെ തടവും 25000 രൂപ പിഴയും ലഭിക്കാം. രജിസ്റ്റർ ചെയ്യാൻ ഒരു മാസം വൈകിയാൽ മൂന്ന് മാസം തടവോ 10,000 രൂപ പിഴയോ ലഭിക്കാനും സാധ്യതയുണ്ട്.
ലിവിങ് ടുഗെതർ ബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികളെ വിവാഹ ബന്ധത്തിൽ ജനിക്കുന്ന കുട്ടികളെപ്പോലെ തന്നെ കണക്കാക്കുമെന്നും അവർക്ക് സ്വത്തവകാശം ഉൾപ്പെടെ എല്ലാ അവകാശങ്ങളും ഉണ്ടാവുമെന്നും നിയമത്തിലുണ്ട്. ലിവിങ് ടുഗെതർ പങ്കാളി ഉപേക്ഷിച്ചു പോകുന്ന സ്ത്രീയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാനും സാധിക്കും.
Discussion about this post