കോട്ടയം:കഞ്ചാവ് ലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം . ഇരുവരില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ രീതിയില്‍ ഇവര്‍ കാറോടിച്ചത്. നിരവധി വാഹനങ്ങള്‍ ദമ്പതികള്‍ ഇടിച്ചു തെറിപ്പിച്ചു. നാട്ടുകാര്‍ പലരീതിയില്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസില്‍ നാട്ടുക്കാര്‍ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് കാര്‍ വരുന്ന റൂട്ടില്‍ ക്രെയിന്‍ നിര്‍ത്തിയിട്ടാണ് പോലീസ് ഇരുവരെയും പിടികൂടിയത്.
പോലീസ് പിടികൂടിയിട്ടും ദമ്പതികള്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായില്ല. പോലീസുകാരെ യുവാവ് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് യുവാവിനെ കാറില്‍നിന്ന് വലിച്ചിറക്കി പോലീസ് ജീപ്പിലേക്ക് കയറ്റിയത്.
കാര്‍ പരിശോധിച്ചപ്പോള്‍ അഞ്ച് ഗ്രാം കഞ്ചാവും , സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് നിലവില്‍ ഇരുവര്‍ക്കുമെതിരെ കേസ് എടുത്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
Discussion about this post