തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന സയൻസ് ഫെസ്റ്റിവലിൽ വൊളണ്ടിയർ ആയ പെൺകുട്ടിയെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞതിന് എഎസ്ഐക്കെതിരെ പരാതി. കഠിനംകുളം സ്റ്റേഷനിലെ എഎസ്ഐ ആയ കെ പി നസീമിനെതിരെ ആണ് വിദ്യാർത്ഥിനി പരാതി നൽകിയിട്ടുള്ളത്. വിദ്യാർത്ഥിനി പരാതി ഉയർത്തിയതോടെ എഎസ്ഐ കെ പി നസീം മുങ്ങിയതായാണ് സൂചന.
തിരുവനന്തപുരത്ത് സയൻസ് ഫെസ്റ്റിവൽ നടക്കുമ്പോൾ വൊളണ്ടിയർമാരായി വിദ്യാർത്ഥികൾക്കാണ് ചുമതല നൽകിയിരുന്നത്. തുടർന്ന് ചുമതലയുള്ള എല്ലാ വിദ്യാർത്ഥികളുടെയും ഫോൺ നമ്പറുകൾ എഎസ്ഐ കെ പി നസീം വാങ്ങിയിരുന്നു. തുടർന്നാണ് ഇയാൾ വൊളണ്ടിയർ ചുമതല ഉണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിയെ മൊബൈൽ ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നത്.
നസീം നിരന്തരമായി വീഡിയോ കോൾ വിളിച്ച് ശല്യം ചെയ്യാൻ ആരംഭിച്ചതോടെ പെൺകുട്ടി മറ്റുള്ള വൊളണ്ടിയർമാരോട് സംഭവത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വൊളണ്ടിയർമാർ എല്ലാവരും ചേർന്ന് എഎസ്ഐയെ കാണാനായി എത്തിയപ്പോൾ ഇയാൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി. എന്നാൽ വിദ്യാർത്ഥികൾ പ്രശ്നം ഉണ്ടാക്കിയപ്പോൾ എഎസ്ഐ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
Discussion about this post