ന്യൂഡൽഹി : ഉത്തരാഖണ്ഡ് സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഏകീകൃത സിവിൽ കോഡിനെതിരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. യൂണിഫോം സിവിൽ കോഡ് അല്ല ഇത് ഹിന്ദു കോഡ് ആണെന്നാണ് ഒവൈസി ഏകീകൃത സിവിൽ കോഡ് ബില്ലിനെ വിമർശിച്ചത്. ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് നിയമത്തിൽ നിന്നും ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കിയതിനെതിരെയും ഒവൈസി രൂക്ഷമായി പ്രതികരിച്ചു. ആദിവാസികളെ ഒഴിവാക്കിയാൽ അതിനെ യൂണിഫോം എന്ന് വിളിക്കാനാകില്ലെന്നാണ് ഒവൈസി അഭിപ്രായപ്പെട്ടത്.
ഏകീകൃത സിവിൽ കോഡ് മുസ്ലിം വിഭാഗത്തെ മാത്രമാണ് ബാധിക്കപ്പെടുന്നത്. മറ്റൊരു മതവും സംസ്കാരവും പിന്തുടരാൻ മുസ്ലിങ്ങളെ നിർബന്ധിക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഒവൈസി സൂചിപ്പിച്ചു. ശരിയത്ത് നിയമം, ഹിന്ദു വിവാഹ നിയമം, എസ്എംഎ, ഐഎസ്എ എന്നിവയ്ക്ക് വിരുദ്ധമായതിനാൽ പാർലമെൻ്റിന് മാത്രമേ ഈ ബിൽ നിയമമാക്കാൻ കഴിയൂ എന്നും ഒവൈസി അഭിപ്രായപ്പെട്ടു.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ ഇസ്ലാം മതവും പാരമ്പര്യവും അനുസരിച്ച് ജീവിക്കുന്ന മുസ്ലിം വിഭാഗം മറ്റൊരു സംസ്കാരം പിന്തുടരേണ്ടതായി വരും എന്നും ഒവൈസി കുറ്റപ്പെടുത്തി. ഒരു വിഭാഗം മുസ്ലീങ്ങൾക്കിടയിൽ നടപ്പിലാക്കുന്ന ബഹുഭാര്യത്വവും ‘ഹലാല’യും നിർത്തലാക്കുന്നത് മാത്രമാണ് ഏകീകൃത സിവിൽ കോഡ് ഉദ്ദേശിക്കുന്നതെന്നും ഒവൈസി വിമർശിച്ചു. ശരീഅത്തിൻ്റെ കാര്യത്തിൽ മുസ്ലീങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് ജമിയത്ത് ഉലമ ഇ ഹിന്ദും നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post