ഭുവനേശ്വർ : ജാതി വിട്ടൊരു കളിയും ഇല്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മം കൊണ്ട് പിന്നോക്ക ജാതിക്കാരൻ അല്ല എന്നാണ് ഒഡീഷയിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജനിച്ചതിനു ശേഷമാണ് തെലി ജാതിയെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് എന്നും രാഹുൽ ഗാന്ധി പരാമർശിച്ചു.
ജന്മംകൊണ്ട് പിന്നോക്ക ജാതിക്കാരൻ അല്ലാത്തതിനാൽ നരേന്ദ്രമോദി ഒരിക്കലും ജാതി സെൻസസ് നടത്തില്ലെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഒബിസി ആണെന്ന് പറഞ്ഞ് പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽഗാന്ധി ആരോപിച്ചു. ഒഡീഷയിലെ ജാർസുഗഡയിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമ്മേളനത്തിൽ ആയിരുന്നു രാഹുൽ ഗാന്ധി ഈ വിവാദ പരാമർശങ്ങൾ നടത്തിയത്.
രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബുധനാഴ്ചയാണ് ഒഡീഷയിൽ പ്രവേശിച്ചത്. തുറന്ന ജീപ്പിൽ സഞ്ചരിച്ചു കൊണ്ടായിരുന്നു രാഹുൽഗാന്ധി ജാർസുഗഡയിലെ കിസാൻ ചൗക്കിൽ എത്തിയത്. കോൺഗ്രസ് നേതാവ് അജോയ് കുമാറും ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ശരത് പട്നായിക്കും രാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തു. അടുത്തതായി ഛത്തീസ്ഗഡിലേക്കാണ് രാഹുൽ ഗാന്ധിയുടെ യാത്ര.
Discussion about this post