തിരുവനന്തപുരം : സിപിഎം നടത്തുന്ന കേന്ദ്രവിരുദ്ധ സമരം വെറും തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം ഇവിടത്തെ അഴിമതിയും കൊള്ളയും കമ്മീഷൻ ഇടപാടുകളും ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇക്കാര്യം മറച്ചുവെച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അടവാണ് സിപിഐഎം ഇപ്പോൾ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരം എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുവിറക്കുകയാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. അഴിമതിയും ധൂർത്തും കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് എത്തിച്ച ശേഷം ഇപ്പോൾ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന രീതിയാണ് സിപിഐഎം കൈകൊണ്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയെ നേരിട്ട് കാണുന്ന സമയത്ത് എല്ലാം ഭയ ഭക്തി ബഹുമാനത്തോടെ നരേന്ദ്രമോദിക്ക് മുൻപിൽ നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആണ് കേരളം കണ്ടിട്ടുള്ളത്. കേരളത്തിന്റെ ആവശ്യങ്ങളെ പറ്റി ഒരക്ഷരം പോലും പ്രധാനമന്ത്രിയോട് സംസാരിക്കാത്ത മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്ന ഈ സമര നാടകം വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി മാത്രമാണ്. ഈ സമരം കൊണ്ട് കേരളത്തിനോ ജനങ്ങൾക്കോ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല എന്ന് എല്ലാവർക്കും അറിയാം. വെറുതെ ജനങ്ങളെ കബളിപ്പിക്കൽ മാത്രമാണ് സിപിഎമ്മിന്റെ കേന്ദ്രവിരുദ്ധ സമരം എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Discussion about this post