തൃശ്ശൂർ : പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതകർമ്മ സേന അംഗത്തിന് നേരെ പട്ടിയെ അഴിച്ചുവിട്ടതായി പരാതി. തൃശ്ശൂർ ചാഴൂർ സ്വദേശിയായ പണ്ടാരിക്കൽ വീട്ടിൽ പ്രജിത ആണ് പരാതി നൽകിയിരിക്കുന്നത്. തന്നെ ആക്രമിക്കാൻ വേണ്ടി മനപ്പൂർവ്വം പട്ടിയെ അഴിച്ചുവിട്ടു എന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. കാഴ്ച പരിമിതിയുള്ള യുവതിയാണ് പ്രജിത.
ചാഴൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗമായ പ്രജിത കഴിഞ്ഞദിവസം മറ്റൊരു അംഗത്തോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനായി എത്തിയതായിരുന്നു. എസ് എൻ റോഡിന് വടക്കുവശത്തുള്ള വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടയിൽ ഡേവിസ് എന്ന വ്യക്തിയുടെ വീട്ടിൽ വച്ചാണ് പട്ടിയെ അഴിച്ചുവിട്ടത് എന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്. വീട്ടുകാർ വാതിൽ തുറന്ന സമയത്ത് അകത്തുനിന്നും പട്ടി കുരച്ചുകൊണ്ട് ഓടിയടുക്കുകയായിരുന്നുവെന്നാണ് പ്രജിതയുടെ മൊഴി.
പട്ടി കുരച്ചുകൊണ്ട് ഓടിയെടുത്തപ്പോൾ വീട്ടുകാർ പിടിച്ചു മാറ്റും എന്ന് കരുതിയെങ്കിലും ഉണ്ടായില്ലെന്ന് പ്രജിത പറയുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് പ്രജിത പുറകിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. തന്റെ പ്രിയപ്പെട്ട വളർത്തുനായയെ പട്ടി എന്ന് വിളിച്ച് ആക്ഷേപിച്ചു എന്ന് പറഞ്ഞ് വീട്ടുമസ്ഥയായ യുവതി ആക്രമിക്കാൻ ശ്രമിച്ചു എന്നും ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിൽ പ്രജിത നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു.
Discussion about this post