ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദ്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം രാംലല്ല ദർശിച്ചത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാമക്ഷേത്രത്തിൽ എത്തുന്ന ആദ്യ വിദേശ നേതാവാണ് ബിമാൻ പ്രസാദ്.
ഒരാഴ്ച നീളുന്ന ഇന്ത്യ സന്ദർശനത്തിനായി എത്തിയതായിരുന്നു അദ്ദേഹം. മഹർഷി വാത്മീകി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം താമസസ്ഥലത്തെത്തി കുളിച്ചതിന് ശേഷം നേരെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. ഫിജിയിലെ ഇന്ത്യക്കാരും അദ്ദേഹത്തോടൊപ്പം എത്തിയിരുന്നു. ദർശനത്തിന് ശേഷം അദ്ദേഹം രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം മാദ്ധ്യമങ്ങളെയും കണ്ടു.
ബ്രിട്ടീഷ് ഭരണകാലത്താണ് ഫിജിയിലേക്ക് ഇന്ത്യക്കാർ എത്തുന്നത് എന്നും, അപ്പോൾ അവർ കൊണ്ടുവന്നത് ഭഗവത്ഗീതയിലെയും, രാമായണത്തിലെയും ആശയങ്ങൾ ആണ് ബിമാൻ പ്രസാദ് പറഞ്ഞു. ഇത് പിന്നീട് ഇന്ത്യൻ സമൂഹത്തിന്റെ സാംസ്‌കാരിക മുഖമുദ്രയായി മാറി. ഫിജിയിലെ ഹിന്ദുക്കളും രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ആഘോഷമാക്കിയിരുന്നു. ഫിജിയിൽ ദീപാവലിയ്ക്ക് പൊതുഅവധിയാണ്. തന്റെ രാമക്ഷേത്ര ദർശനം ഇന്ത്യയും ഫിജിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരും ശ്രീരാമ ഭഗവാന്റെ ആശയങ്ങൾ പിന്തുടരണം. ഇത് എല്ലാവരിലും സന്തോഷം കൊണ്ടുവരും. എല്ലാവരുടെ ജീവിതവും ധന്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ചയായിരുന്നു ബിമാൻ പ്രസാദ് ഡൽഹിയിൽ എത്തിയത്. ശനിയാഴ്ച അദ്ദേഹം തിരികെ രാജ്യത്തേക്ക് മടങ്ങും. ഇന്ത്യയിൽ വേരുള്ള നേതാവാണ് ബിമാൻ പ്രസാദ്.
Discussion about this post