ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിൽ സ്ത്രീ തടവുകാർ ഗർഭിണികളാകുന്ന സംഭവത്തിൽ ഇടപെട്ട് സുപ്രീംകോടതി. സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുത്തു. ജയിലുകളിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച ഹർജി പരിഗണിക്കവേയാണ് വിഷയത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടായത്. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
പശ്ചിമ ബംഗാളിലെ ജയിലുകളിൽ തടവുകാലത്ത് വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന അമിക്കസ്‌ക്യൂരി റിപ്പോർട്ട് ഇന്നലെ കൊൽക്കത്ത ഹൈക്കോടതിയിൽ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെയായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ.
തടവുകാലത്ത് 196 കുഞ്ഞുങ്ങൾ ജയിലുകളിൽ ജനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ജയിലുകളിലേക്ക് പുരുഷ ജീവനക്കാരുടെ പ്രവേശനം നിരോധിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിശോധിച്ച കോടതി വിഷയം ഗൗരവമുള്ളതാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. തുടർന്ന് മറ്റൊരു ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തിരുന്നു. വിഷയം ഗൗരവമുളളതാണെന്നാണ് സുപ്രീംകോടതിയുടെയും നിരീക്ഷണം.
Discussion about this post