കോഴിക്കോട്: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ മൂന്നംഗ സംഘം അറസ്റ്റിൽ. ജാതിയേരി പെരുവാം വീട്ടിൽ ജാബിർ(32), മാരാംവീട്ടിൽ അനസ്(30), പാറച്ചാലിൽ മുഹമ്മദ് അസ്ഹറുദ്ദീൻ(32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവ ശേഷം ആന്ധ്രാപ്രദേശിലേക്ക് കടന്ന ഇവർ സത്യസായി ജില്ലയിലെ ദർഗയിൽ ഒളിവിൽ കഴിയുകയായിരുന്നു.
2023 നവംബർ രണ്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ജാതിയേരി സ്വദേശി അജ്മലിനെയാണ് മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. കല്ലാച്ചി-വളയം റോഡിൽ ഓത്തിയിൽമുക്കിൽവച്ചായിരുന്നു ആക്രമണം. രാത്രി മൊബൈലിൽ സംസാരിച്ച് നിൽക്കുകയായിരുന്ന അജ്മലിനെ ബൈക്കുകളിൽ എത്തിയ പ്രതികൾ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിന് ശേഷം പ്രതികൾ സംസ്ഥാനം വിട്ടു.
സംഭവത്തിൽ കോഴിക്കോട് ഡി.വൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം പ്രതികൾ സത്യസായി ജില്ലയിൽ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. എ.എസ്.ഐ മനോജ് രാമത്ത്, സീനിയർ സി.പി.ഒമാരായ കെ. ലതീഷ്, സദാനന്ദൻ കായക്കൊടി, കെ.കെ സുനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.
Discussion about this post