തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എസ്എഫ്ഐഒ സമൻസ്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി ഇതുവരെ നടത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും വിശദീകരിക്കണമെന്ന് കാണിച്ചാണ് എസ്എഫ്ഐഒ സമൻസ് അയച്ചിട്ടുള്ളത്. കമ്പനി എന്തെല്ലാം സേവനങ്ങൾ ആർക്കെല്ലാം നൽകിയെന്നതിനെക്കുറിച്ചും വിശദീകരിക്കണമെന്ന് എസ്എഫ്ഐഒ സമൻസിൽ ആവശ്യപ്പെടുന്നുണ്ട്.
എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ എല്ലാ സാമ്പത്തിക ഇടപാടുകളും വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐഒ സമൻസ് അയച്ചിട്ടുള്ളത്. തിങ്കളാഴ്ചയാണ് കർണാടക ഹൈക്കോടതി വീണ വിജയൻ നൽകിയിട്ടുള്ള ഹർജി പരിഗണിക്കുക. കേന്ദ്രസർക്കാരിനെയും എസ്എഫ്ഐഒ ഡയറക്ടറെയും എതിർകക്ഷികൾ ആക്കിയാണ് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.
ആദായ നികുതി ഇൻട്രിംസെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവും എക്‌സാലോജിക്കിനെതിരെ ബംഗളൂരു ആർഒസി കണ്ടെത്തിയ ക്രമക്കേടുകളുടെയും റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരായ അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തത്. എന്നാൽ അന്വേഷണത്തിന് ഉത്തരവിടാൻ ആധാരമായ വിവരങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്നും അന്വേഷണത്തിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വീണ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post