ഇസ്ലാമാബാദ്; പൊതുതിരഞ്ഞെടുപ്പിൽ വിജയിയെ പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുന്നതിനിടെ രാഷ്ടീയക്കാർ പക്വതയും ഐക്യവും കാണിക്കാൻ ആവശ്യപ്പെട്ട് പാകിസ്താൻ സൈനിക മേധാവി.
250 ദശലക്ഷം ജനങ്ങളുള്ള ഒരു പുരോഗമന രാജ്യത്തിന് അനുയോജ്യമല്ലാത്ത അരാജകത്വത്തിന്റെയും ധ്രുവീകരണത്തിന്റെയും രാഷ്ട്രീയത്തിൽ നിന്ന് മുന്നോട്ട് പോകാൻ സുസ്ഥിരമായ നേതൃത്വം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകൾ ജയവും തോൽവിയും തമ്മിലുള്ള മത്സരമല്ല, മറിച്ച് ജനങ്ങളുടെ വിധി നിർണ്ണയിക്കുന്നതിനുള്ള പ്രക്രിയയാണെന്നും ജനറൽ അസീം സയ്ദ് മുനീർ പറഞ്ഞു.
പാകിസ്താനിലെ ജനങ്ങൾ പാക് ഭരണഘടനയിൽ അവരുടെ വിശ്വാസം പുനഃസ്ഥാപിച്ചതിനാൽ, രാഷ്ട്രീയ പക്വതയോടും ഐക്യത്തോടും കൂടി അതേരീതിയിൽ കാര്യങ്ങൾ ചെയ്യേണ്ടത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇപ്പോൾ ബാധ്യതയാണെന്ന് സൈനിക മേധാവി കൂട്ടിച്ചേർത്തു.
അതേസമയം പാകിസ്താനിൽ നവാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോ – സർദാരി സഖ്യം ഭരിക്കും. നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്ലിംലീഗും ബിലാവൽ ഭൂട്ടോ-സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും സഖ്യത്തിന് ധാരണയായി. ലാഹോറിൽ അസിഫ് അലി സർദാരിയും ഷെഹ്ബാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ഇതോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ഇമ്രാൻ ഖാന്റെ പാകിസ്താൻ തെഹ് രീഖ് – ഇ – ഇൻസാഫ് പാർട്ടിക്ക് സർക്കാർ ഉണ്ടാക്കാനുള്ള സാധ്യത നഷ്ടമായി. 266 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ 99 സീറ്റാണ് പിടിഐ സ്വതന്ത്രർക്ക് ലഭിച്ചത്.
Discussion about this post