തിരുവനന്തപുരം:കേരളം ഭരിക്കുന്നത് മനുഷത്വം നഷ്ടപ്പെട്ട ഭരണകൂടമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വനംമന്ത്രിയോ, ഉന്നത്യോഗസ്ഥരോ സംഭവ സ്ഥലത്തേക്ക് തിരിഞ്ഞ് പോലും നോക്കിയില്ല . ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. വനം വകുപ്പ് മന്ത്രിയെ പുറത്താക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ജീവന്‍ നഷ്ടപ്പെട്ട ഒരു യുവാവിന്റ ചേതനയറ്റ ശരീരമാണ് നാലഞ്ച് മണിക്കൂര്‍ റോഡരികില്‍ കിടന്നത്. അതും നീതിക്കുവേണ്ടി. ഈ അവസ്ഥ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പല വീടുകളും വന്യമൃഗാക്രമണത്തില്‍ നിന്ന് സുരക്ഷിതമല്ല. ഏറ്റവും വലിയ കഷ്ടം റെഡിയോ കോളര്‍ ഘടിപ്പിച്ച ആനയായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആനയെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു എന്നു പറയുമ്പോള്‍ ആണ് എന്നും അദ്ദേഹം പറഞ്ഞു.
വനംമന്ത്രി എ കെ ശശീന്ദ്രന്‍ ജനങ്ങളെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു. മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലാത്ത അദ്ദേഹം ഉടന്‍ തന്നെ രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
പയ്യമ്പള്ളി സ്വദേശി അജിഷാണ് കാട്ടാനയുടെ ആക്രമണത്തില്‍ രാവിലെ കൊല്ലപ്പെട്ടത്. റോഡിലൂടെ നടന്ന് പോകുന്നതിനിടെ അജീഷ് കാട്ടാനയുടെ മുന്‍പില്‍ എത്തുകയായിരുന്നു. ആനയെ കണ്ട് ഭയന്ന് ഓടി മറ്റൊരു വീടിന് ഉള്ളിലേക്ക് കയറി. എന്നാല്‍ ആന മതില്‍ പൊളിച്ചെത്തി അജിഷിനെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട അജിഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.












