കൊൽക്കത്ത: ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം. സൗരവ് ഗാംഗുലിയുടെ കൊൽക്കത്തയിലെ വീട്ടിലാണ് മോഷണം നടന്നത്. നിർണായക വിവരങ്ങൾ ഉൾപ്പെടെ അടങ്ങിയ 1.6 ലക്ഷം രൂപയുടെ മൊബൈൽ ഫോണാണ് മോഷണം പോയത്. സംഭവത്തെ തുടർന്ന് ഗാംഗുലി താക്കൂർപൂർ പോലീസിൽ പരാതി നൽകി.
വ്യക്തിഗത വിവരങ്ങളും സന്ദേശങ്ങളും ഉൾപ്പെടെ ഫോണിൽ ഉണ്ടായിരുന്നു. വിഐപികൾ ഉൾപ്പെടെയുള്ളവരുടെ ഫോൺ നമ്പറുകളും ഫോണിൽ ഉണ്ട്. ഗാംഗുലിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം കാർഡ് ഇട്ടിരിക്കുന്നതും ഇതേ ഫോണിലാണ്. അതിനാൽ തന്നെ ഇത്തരം വിവരങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ജനുവരി 19ന് രാവിലെ 11.30നാണ് താൻ അവസാനമായി ഫോൺ കണ്ടതെന്നാണ് ഗാംഗുലി പറയുന്നത്. പിന്നീട് ഫോൺ കാണാത്തതിനെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ തിരഞ്ഞിരുന്നു. എന്നാൽ, കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്നാണ് പരാതിയുമായി മുന്നോട്ട് പോയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗാംഗുലിയുടെ വീട്ടിൽ പെയിന്റിംഗ് ജോലികൾ നടന്നിരുന്നു. ഇതിനിടെയാണ് ഫോൺ നഷ്ടപ്പെട്ടത്. പെയിന്റിംഗ് ജോലിക്ക് വന്നവരെ ഉൾപ്പെടെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post