തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്ന എൻകെ പ്രേമചന്ദന് പിന്തുണയുമായി കെ മുരളീധരൻ. എൻകെ പ്രേമചന്ദ്രൻ ചെയ്തതിൽ എന്താണ് തെറ്റെന്ന് മുരളീധരൻ ചോദിച്ചു. പ്രധാനമന്ത്രി വിളിച്ചപ്പോൾ ഭക്ഷണം കഴിക്കാൻ പോയതിന് പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ യുഡിഎഫ് അതിനെ ഒറ്റക്കെട്ടായി എതിർക്കും. സ്വന്തം അന്തർധാര മറച്ചുവയ്ക്കാൻ ഇതുപോലെയുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പാരത്തമാണെന്നും മുരളീധരൻ വ്യക്തമാക്കി.
പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ വിളിച്ചാൽ താനും പോകും. വ്യക്തിപരമായി ആര് വിളിച്ചാലും രാഷ്ട്രീയക്കാർ പരസ്പരം പങ്കെടുക്കും. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചാൽ തീരുന്നതല്ല ഈ രാജ്യത്തിന്റെ മതേതരത്വം. നാളെ മുഖ്യമന്ത്രി വിളിച്ചാലും പോകും. ഞങ്ങൾ തമ്മിൽ എന്തെങ്കിലും സ്വത്ത് തർക്കമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്ന് എൻകെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണ വിരുന്നിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം വേറെ സ്‌നേഹം വേറെ. പ്രധാനമന്ത്രിയോടൊപ്പം ഉച്ചഭക്ഷണം കഴിച്ചത് ജീവിതത്തിലെ സന്തോഷകരമായ ഒരു അനുഭവമാണ്. രാഷ്ട്രീയമായ ഒരു വിഷയം പോലും അദ്ദേഹം സംസാരിച്ചില്ല. കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ മതന്യൂനപക്ഷ വിഭാഗങ്ങളിൽ ആശങ്കയും സംശയവുമുണ്ടാക്കാനുള്ള തന്ത്രമാണ് സിപിഎം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post