ന്യൂസിലൻഡിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ വിരാട് കോഹ്‌ലി നടത്തിയ തകർപ്പൻ പ്രകടനത്തെയും കരിയറിലെ ‘സ്ഥിരത’യെയും പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പത്താൻ കോഹ്‌ലിയുടെ ബാറ്റിംഗ് ശൈലിയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
വിരാട് കോഹ്‌ലിയുടെ ബാറ്റിംഗിലെ പ്രധാന കരുത്ത് അദ്ദേഹത്തിന്റെ ‘കോർ ഫിറ്റ്‌നസ്’ ആണെന്ന് ഇർഫാൻ പത്താൻ നിരീക്ഷിക്കുന്നു. 37-ാം വയസ്സിലും ക്രീസിന് പുറത്തേക്ക് ഇറങ്ങി വലിയ ഷോട്ടുകൾ കളിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നത് ഈ കായികക്ഷമതയാണ്. പത്താൻ കോഹ്‍ലിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
“അവസാന ഏഴ് ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് വിരാട് മൂന്ന് സെഞ്ച്വറികളും നാല് അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 93 റൺസിന് പുറത്തായതിലൂടെ അർഹിച്ച ഒരു സെഞ്ച്വറിയാണ് അദ്ദേഹത്തിന് നഷ്ടമായത്. അതുകൊണ്ടുതന്നെ ‘വിരാട് കൺസിസ്റ്റന്റ് കോഹ്‌ലി’ എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടത്.”
“ക്രീസിന് പുറത്തേക്ക് ഇറങ്ങി കളിക്കുമ്പോൾ പല കാര്യങ്ങളും പിഴയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ വിരാടിന്റെ ‘ഹെഡ് പൊസിഷൻ’ അത്യന്തം കൃത്യമാണ്. ആദ്യ 20 പന്തിൽ ആറ് ബൗണ്ടറികളുമായി അതിവേഗം തുടങ്ങിയ വിരാട്, പിന്നീട് നിലയുറപ്പിച്ച ശേഷം തന്റെ ശൈലി മാറ്റി. അടുത്ത 50 പന്തുകളിൽ ഒരേയൊരു ബൗണ്ടറി മാത്രം നേടി വിക്കറ്റ് കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ രീതി അമ്പരപ്പിക്കുന്നതാണ്.”പത്താൻ പറഞ്ഞു.
അടുത്തിടെ കോഹ്‌ലി ഇപ്പോൾ ഏകദിനത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അതിനാൽ അദ്ദേഹത്തിന് കൂടുതൽ റൺസ് നേടാൻ അവസരമൊരുക്കുന്നതിനായി മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് പകരം അഞ്ച് മത്സരങ്ങളോ അല്ലെങ്കിൽ ത്രിരാഷ്ട്ര പരമ്പരകളോ സംഘടിപ്പിക്കാൻ ബിസിസിഐയോട് പത്താൻ ആവശ്യപ്പെട്ടിരുന്നു.












Discussion about this post