ജയ്പുർ : രാജസ്ഥാനിൽ ബലാത്സംഗ പരാതിയെ തുടർന്ന് രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇവർ ഇരുപതോളം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയതായാണ് പരാതി ഉയർന്നിട്ടുള്ളത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം നടന്നത്.
സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മഹേന്ദ്ര മേവാഡയ്ക്കും മുനിസിപ്പൽ കമ്മീഷണർ മഹേന്ദ്ര ചൗധരിക്കും എതിരെയാണ് പാലി സ്വദേശിനിയായ യുവതി പരാതി നൽകിയിട്ടുള്ളത്. യുവതിയും മറ്റ് ഇരുപതോളം സ്ത്രീകളും ഒന്നിച്ച് അംഗൻവാടി ജോലിക്കുള്ള അഭിമുഖത്തിനായാണ് കോൺഗ്രസ് നേതാവിനെ കാണാനായി എത്തിയിരുന്നത്. ദൂരെ നിന്നും വന്നിരുന്ന ഇവർക്ക് കോൺഗ്രസ് നേതാവ് തന്റെ പരിചയത്തിലുള്ള സുഹൃത്തിന്റെ വീട്ടിൽ ഒരു ദിവസത്തേക്ക് താമസം ശരിയാക്കി നൽകുകയായിരുന്നു.
ഈ വീട്ടിൽ വച്ച് ഇവർക്ക് നൽകിയ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം രണ്ട് കോൺഗ്രസ് നേതാക്കളും അവരുടെ കൂട്ടാളികളും ചേർന്ന് സംഘത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. പലതവണ പീഡിപ്പിക്കപ്പെട്ടതായും യുവതി പരാതി ഉന്നയിക്കുന്നു. ജോലിക്കെന്ന വ്യാജേന ഈ നേതാക്കൾ സ്ത്രീകളിൽ നിന്ന് ബ്ലാങ്ക് പേപ്പറുകളും സ്റ്റാമ്പുകളും കൈപ്പറ്റിയതായും പരാതിയുണ്ട്. സിരോഹി ഡിവൈഎസ്പി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post