ഭോപ്പാൽ : ചെയ്തുപോയ പാപങ്ങളുടെ ചെളിക്കുണ്ടിൽ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോൾ കോൺഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ഝബുവയിൽ നടന്ന ഗോത്രമഹാകുംഭ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു പ്രധാനമന്ത്രി കോൺഗ്രസിന്റെ മുൻകാല പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചത്. രാജ്യത്തെ കൊള്ളയടിക്കുന്നതിലും ജനങ്ങളെ വിഭജിക്കുന്നതിലും മാത്രമാണ് കോൺഗ്രസ് ശക്തി പ്രകടിപ്പിച്ചിരുന്നത് എന്നും നരേന്ദ്രമോദി വ്യക്തമാക്കി.
കുടുംബാധിപത്യത്തിൽ അമർന്നുപോയ കോൺഗ്രസിൽ ഇപ്പോൾ ചുരുക്കം ചില നേതാക്കൾ മാത്രമാണ് അവശേഷിക്കുന്നത്. ആ നേതാക്കൾ ആരും തന്നെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന അവസരങ്ങളിൽ കൊള്ളയടിക്കാൻ വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ അധികാരം കൈവിട്ടു പോയപ്പോൾ ജനങ്ങളെ തമ്മിൽ വിഭജിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുകയാണ്. ഈ കൊള്ളയും പിളർപ്പും ആണ് കോൺഗ്രസിന്റെ ഓക്സിജൻ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
രാജസ്ഥാനും ഗുജറാത്തും ആയി അതിർത്തി പങ്കിടുന്ന ഝബുവയിലെ ഗോത്ര സമ്മേളനത്തിലൂടെ മൂന്ന് സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ ജനതയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഝബുവയ്ക്ക് സമീപമുള്ള ഗുജറാത്തിലെ ദഹോദ് വനമേഖലയിലെ വനവാസി സമൂഹത്തെ സ്ഥിരമായി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ബോധവൽക്കരണം നടത്തിയിരുന്നത് അദ്ദേഹം അനുസ്മരിച്ചു. ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെട്ട എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിൽ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധം ആണെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post