ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിൽ നിയമനം ലഭിച്ച ഒരു ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളുടെ നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയാണ് അദ്ദേഹം നിയമനകത്തുകൾ വിതരണം ചെയ്തത്. കൂടാതെ ഡൽഹിയിൽ കർമയോഗി ഭവാൻ കോംപ്ലക്‌സിന്റെ ഒന്നാംഘട്ടതിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
റെയിൽവെ, റവന്യൂ വകുപ്പ്, ആഭ്യന്തര മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആണവോർജ്ജ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ധനകാര്യ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ഗോത്രകാര്യ വകുപ്പ് എന്നീ വകുപ്പുകളിലേക്കാണ് ഒരു ലക്ഷത്തിലധികം പേർക്ക് നിയമനം ലഭിച്ചിരിക്കുന്നത്. പരിപാടിയിൽ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി യുവാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. ‘ഇന്ന് ഒരു ലക്ഷത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലിക്കുള്ള നിയമന കത്തുകൾ നൽകി. കഠിനാധ്വാനത്തിലൂടെയാണ് നിങ്ങൾ ഈ വിജയം നേടിയത് . ജോലി ലഭിച്ച എല്ലാ യുവാക്കളെയും അഭിനന്ദിക്കുന്നു – പ്രധാനമന്തി .
കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലും വകുപ്പുകളിലും റിക്രൂട്ട്മെന്റ് നടത്തുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആവിഷ്‌കരിച്ച പദ്ധതിയാണ് റോസ്ഗാർ മേള. രാജ്യത്തുടനീളം 47 സ്ഥലങ്ങളിലാണ് ഇന്ന് റോസ്ഗർ മേള സംഘടിപ്പിച്ചിരുന്നത്. ഇന്ത്യയുടെ വികസനത്തിന് സജീവമായി ഇടപെടുന്നതിന് യുവാക്കളെ ശാക്തീകരിക്കുക, കൂടുതൽ തൊഴിലവസരങ്ങൾ ഉത്തേജിപ്പിക്കുക, രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് മേളയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാർ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ റിക്രൂട്ട്‌മെൻറ് സുഗമമാക്കുന്നതിനും ഇത് സഹായിക്കുന്നു.
Discussion about this post